പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ( Cristinao Ronaldo ) സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ് സി ( Al Nassr F C ) ഒരു ബ്രസീൽ കളിക്കാരനെ സ്വന്തമാക്കുന്നതായി റിപ്പോർട്ട്. അടുത്ത വേനൽക്കാല ട്രാൻസ്ഫറിൽ താരം സൗദി അറേബ്യയിൽ എത്തും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

സൗദി പ്രൊ ലീഗ് (Saudi Pro League) ഫുട്‌ബോൾ ക്ലബ്ബായ അൽ നസർ എഫ്സി (Al Nassr FC) ഏറെ നാളായി ശ്രമിക്കുന്ന വിദേശ താരം അടുത്ത വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിലൂടെ റിയാദിൽ എത്തുമെന്ന് റിപ്പോർട്ട്. പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) ക്ലബ്ബാണ് അൽ അലാമി എന്നും നൈറ്റ്‌സ് ഓഫ് നജ്ദ് എന്നും അറിയപ്പെടുന്ന അൽ നസർ എഫ് സി. 2023 ജനുവരി ഒന്നിനായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ എഫ് സിയിൽ എത്തിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചുറ്റുമായി ഒരു ടീമിനെ കെട്ടിപ്പടുക്കുകാണ് ആവശ്യമെന്ന് അൽ നസർ മുഖ്യ പരിശീലകൻ ലൂയിസ് കാസ്‌ട്രൊ മുമ്പ് വെളിപ്പെടുത്തിയിരുന്നു. അതിനായുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബ്രസീൽ സൂപ്പർ താരത്തെ അൽ അലാമി സ്വന്തമാക്കാൻ ഒരുങ്ങുന്നത്.ബ്രസീൽ ഡിഫെൻസീവ് മിഡ്ഫീൽഡർ ആയ കാസെമിറൊയുമായാണ് അൽ നസർ എഫ് സി ഏകദേശം കരാറിലായിരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഈ വരുന്ന വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിലൂടെ കാസെമിറൊ സൗദി അറേബ്യൻ ക്ലബ്ബിൽ ചേരും. രണ്ടര വർഷം നീളുന്ന കരാറാണ് റിയാദ് ക്ലബ്ബുമായി ബ്രസീൽ താരം ഒപ്പു വെയ്ക്കുക എന്നും റിപ്പോർട്ടുണ്ട്. അങ്ങനെ എങ്കിൽ 2026 അവസാനം വരെ താരം സൗദി അറേബ്യയിൽ തുടരും. എന്നാൽ, ഇക്കാര്യങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

31 കാരനായ കാസെമിറൊ നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുടെ കളിക്കാരനാണ്. 2022 ഓഗസ്റ്റിലാണ് കാസെമിറൊ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ചുവന്ന ചെകുത്താന്മാർ എന്ന് അറിയപ്പെടുന്ന ക്ലബ്ബിനായി ആകെ 63 മത്സരങ്ങളിൽ ഇറങ്ങി. 11 ഗോളും സ്വന്തമാക്കി. ഏഴ് അസിസ്റ്റും നടത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കാരബാവൊ കപ്പ് ( ഇംഗ്ലീഷ് ലീഗ് കപ്പ് ) സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സഹായിച്ചത് കാസെമിറൊ ആയിരുന്നു. 2026 ജൂൺ വരെ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുമായി ബ്രസീൽ താരത്തിന് കരാറുണ്ടെന്നതും മറ്റൊരു വാസ്തവം.

2023 – 2024 സീസണിൽ പരിക്കിനെത്തുടർന്ന് കാസെമിറൊ കൂടുതൽ സമയവും കരയ്ക്ക് ഇരിക്കുകയായിരുന്നു. ഈ സീസണിൽ വിവിധ പോരാട്ടങ്ങളിലായി 16 മത്സരം ബ്രസീൽ ഡിഫെൻവീസ് മിഡ്ഫീൽഡർക്ക് നഷ്ടപ്പെട്ടു. സൗദി അറേബ്യയിലേക്ക് എത്തിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ – കാസെമിറൊ ഒത്തൊരുമിക്കലിനും വഴിയൊരുങ്ങും. 2013 മുതൽ 2018 വരെ സ്പാനിഷ് ലാ ലിഗ ക്ലബ്ബായ റയൽ മാഡ്രിഡിൽ ഇരുവരും ഒന്നിച്ച് കളിച്ചിരുന്നു. ഇരുവരും ഒന്നിച്ച് യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 11 ട്രോഫികൾ സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിലും ക്രിസ്റ്റ്യാനോയും കാസെമിറൊയും ഒന്നിച്ച് കളിച്ചിരുന്നു. 2022 – 2023 സീസണിൽ ആയിരുന്നു അത്.

സൗദി പ്രൊ ലീഗിൽ 20 ഗോളും ഒമ്പത് അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിലാണ് ഈ സീസണിൽ. എന്നാൽ, സി ആർ 7ന് മികച്ച മിഡ്ഫീൽഡ് പിന്തുണ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഈ പ്രശ്‌നം പരിഹരിക്കാനാണ് കാസെമിറൊയെ അൽ അലാമി നേരത്തേ മുതൽ നോട്ടം വെച്ചത്. ക്ലബ് കരിയറിൽ ആകെ 566 മത്സരങ്ങൾ കളിച്ച ബ്രസീൽ താരം 58 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here