ചെന്നൈ∙ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തിന്റെ പരിപാടിയില്‍ പങ്കെടുത്തു തിരിച്ചെത്തിയ വില്ലുപുരം സ്വദേശിയായ അന്‍പത്തിയൊന്നുകാരനാണ് മരിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത മറ്റൊരാള്‍ സേലത്ത് മരണപ്പെട്ടെങ്കിലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗികളുടെ എണ്ണം നാനൂറ് കടന്നതോടെ വൈറസിന് ജനിത മാറ്റം സംഭവിച്ചോയെന്നു പഠിക്കാനായി തമിഴ്നാട് വിദഗ്ധ സമിതിയെ നിയോഗിച്ചു.

കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ തബ്‌ലീഗ് സമ്മേളനം കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയത്. നാലുദിവസം മുമ്പ് രോഗലക്ഷണങ്ങളോടെ വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് രാവിലെ 7.40ന് മരണത്തിനു കീഴടങ്ങി. സേലത്ത് മരിച്ചയാള്‍ മാര്‍ച്ച് 18നാണ് ഡല്‍ഹിയില്‍നിന്നു തിരികെയെത്തിയത്. വൃക്ക സംബന്ധമായ അസുഖവും പ്രമേഹവും ശ്വാസതടസ്സവുമുണ്ടായിരുന്നു. ഇയാളുടെ പരിശോധന ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. നാലു ദിവസത്തിനിടെ 380 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പലര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വൈറോളജി, വെറ്ററിനറി വിദഗ്ധരടങ്ങുന്ന സംഘത്തെ പഠനത്തിനായി നിയോഗിച്ചത്. വൈറസിന് ജനിതകമാറ്റം വന്നിട്ടുണ്ടോയെന്നാണ് പ്രധാനമായിട്ടും പഠിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയ 1135 പേരില്‍ 1103പേര്‍ ഐസലേഷനിലാണ്. തിരികെയെത്തിയതിനുശേഷം ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here