ഫിഫ ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾക്ക് ഖത്തറിൽ തുടക്കം. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഖത്തറിലെ താമസക്കാർക്ക് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനും അവസരം. ഈ മാസം 11 ന് തുടങ്ങിയ കൗണ്ട് ഡൗൺ 13 ന് അവസാനിക്കും.

ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് 100 ദിന കൗണ്ട് ഡൗൺ ആഘോഷത്തിനൊപ്പം ഫുട്‌ബോൾ ആരാധകർക്ക് അൽ ബെയ്ത് സ്‌റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിലുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് (കാറ്റഗറി-1) നേടാനുള്ള അവസരം ഒരുക്കുന്നത്. ഖത്തറിൽ താമസിക്കുന്നവർക്ക് മാത്രമാണ് ടിക്കറ്റ് നേടാനുള്ള അവസരം നൽകുന്നത്.

രാജ്യത്തുടനീളമായുള്ള ഷോപ്പിങ് മാളുകളിലാണ് ആഘോഷങ്ങൾ നടക്കുക. ഫൺ ഗെയിമുകൾ, ഷോകൾ, തൽസമയ പ്രകടനങ്ങൾ എന്നിവക്കൊപ്പം ആരാധകർക്ക് ഫുട്‌ബോൾ കളിക്കാനുള്ള കഴിവുകൾ പരിശോധിക്കാനുള്ള അവസരവും ലഭിക്കും.

100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഫുട്‌ബോൾ ആരാധകർ ആഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളെടുത്ത് 100 ഡേയ്‌സ് ടു ഗോ എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം.

11 മുതൽ 13 വരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ഉച്ചയ്ക്ക് 1.00 മുതൽ രാത്രി 10.00 വരെയും പ്ലേസ് വിൻഡോമിൽ 12.00 മുതൽ രാത്രി 10.00 വരെയും മാൾ ഓഫ് ഖത്തറിൽ 12, 13 തീയതികളിലും ഉച്ചയ്ക്ക് 12.00 മുതൽ രാത്രി 10.00 വരെയുമാണ് ആഘോഷങ്ങൾ. കൗണ്ട് ഡൗൺ ദിനമായ 13ന് ഗ്രാൻഡ് ഫിനാലെയും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here