ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കണക്കുകള്‍ ഏറി വരികയാണ് .തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിനം ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതെ സമയം 24 മണിക്കൂറിനിടെ 794 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു. 77,567 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 1,32,05,926 ആയി . മരണസംഖ്യ 1,68,436 ആയി ഉയര്‍ന്നു. 1,19,90,859 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10,46,631 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതെ സമയം രാജ്യത്ത് ഇതുവരെ 9.8 കോടി പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയത്. ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 25,52,14,803 ആയി. കോവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പരിശോധന വര്‍ധിപ്പിക്കാനും കോവിഡ് വാക്‌സിന്‍ വിതരണം ശക്തിപ്പെടുത്താനുമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം. അതേസമയം മുംബൈ, ഒഡീഷ തുടങ്ങി പലയിടത്തും വാക്‌സിന്‍ ദൗര്‍ലഭ്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ മുംബൈയിലെ പകുതിയിലധികം കുത്തിവെപ്പുകേന്ദ്രങ്ങളും വെള്ളിയാഴ്ചയോടെ അടച്ചു. വാക്‌സിന്‍ എന്നെത്തുമെന്ന് പറയാന്‍കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍.

അതെ സമയം ഗുജറാത്തില്‍ ആശുപത്രികള്‍ നിറഞ്ഞതോടെ രോഗികള്‍ നിലത്ത് കിടക്കേണ്ടി വരുന്നു. അടിയന്തര മരുന്നുകള്‍ക്കുവേണ്ടിയും വലിയ വരികളാണ്. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് നല്‍കുന്ന റെംഡസിവിര്‍ മരുന്നിനായി അഹമ്മദാബാദിലും സൂറത്തിലും സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നില്‍ നീണ്ട നിരയാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here