രാജ്യത്തെ ഭീതിയിലാഴ്ത്തി കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 2,95,041 പേര്‍ക്കാണ് രോഗബാധയുണ്ടായത്. മരണം സംഖ്യ രണ്ടായിരം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 2023 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകളില്‍ വ്യക്തമാകുന്നത്. 21,57,538 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ലോകത്ത് ഇതുവരെയുള്ളതില്‍ രണ്ടാമത്തെ വലിയ പ്രതിദിന വര്‍ദ്ധനയാണ് ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ ഉണ്ടായത്.

കൊവിഡ് വാക്സീന്‍ മരുന്ന് കടകളില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഉടന്‍ പുറത്തിറക്കും. സര്‍ക്കാര്‍ സംവിധാനത്തിനു പുറത്ത് ഡോസിന് 750 മുതല്‍ 1000 രൂപ വരെ വില ഈടാക്കേണ്ടി വരുമെന്ന് കമ്ബനികളുടെ നിലപാട്. ദില്ലി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയിടങ്ങളില്‍ ഓക്സിജന്‍ ക്ഷാമവും രൂക്ഷമാണ്. സംസ്ഥാനങ്ങള്‍ കേന്ദ്രത്തോടാവര്‍ത്തിച്ച്‌ അഭ്യര്‍ത്ഥിച്ചിട്ടും ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വാക്സീന്‍ ക്ഷാമവും രൂക്ഷമാണ്.

അതേ സമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പുനസ്ഥാപിച്ചു. മാര്‍ച്ച്‌ 24ന് പദ്ധതി അവസാനിപ്പിച്ച്‌ ഉത്തരവിറക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്‍ഷ്വറന്‍സ് തുടരാനുള്ള തീരുമാനം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here