യുഎഇ ബഹിരാകാശ യാത്രാ പദ്ധതിയുടെ രണ്ടാം ബാച്ചിലേക്കുള്ള അന്തിമപട്ടികയായി. 61 പേരാണ് ഘട്ടംഘട്ടമായുള്ള പരിശോധനയിലൂടെ അന്തിമപട്ടികയിലെത്തിയത്. 4,305 അപേക്ഷകളിൽ നിന്നാണ് ഇത്രയും പേർ അന്തിമപട്ടികയിൽ എത്തിയതെന്ന് മുഹമ്മദ് ബിൻ റാഷിജ് ബഹിരാകാശ കേന്ദ്രം (എം.ബി.ആർ.എസ്.സി.) അറിയിച്ചു.

ഷോർട്ട് ലിസ്റ്റ് ചെയ്ത 61 പേരിൽനിന്ന് യു.എ.ഇ.യുടെ അടുത്ത രണ്ട് ബഹിരാകാശ യാത്രികരെ കണ്ടെത്തും. യു.എ.ഇ.യും യു.എസും തമ്മിലുള്ള സംയുക്ത സഹകരണ കരാറിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേരും 2021-ലെ നാസയുടെ പ്രത്യേക പരിശീലനത്തിന്റെ ഭാഗമാവും.

യു.എസിലെ ജോൺസൺ സ്‌പേസ് സെന്ററിൽ ആയിരിക്കും പരിശീലനം നേടുക. നാസ ബഹിരാകാശ യാത്രികരുടെ അതേ പരിശീലന പരിപാടികൾക്ക് ഇമറാത്തി യാത്രികരും വിധേയരാവും. ഇത് ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങൾക്കായി അവരെ മാനസികമായും ശാരീരികമായും തയ്യാറാവാൻ പ്രാപ്തരാക്കും. രണ്ടാം ബാച്ച് ബഹിരാകാശ അപേക്ഷകരിൽ മുൻവർഷത്തേക്കാൾ ഏഴ് ശതമാനം വർധനവുണ്ട്. 4,305 അപേക്ഷകളിൽനിന്ന് പ്രായം, വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ അനുഭവപരിചയം എന്നിവ അടിസ്ഥാനമാക്കി 2099 പേരെയാണ് തെരഞ്ഞെടുത്തത്.

ഓൺലൈൻ വഴി നടന്ന പരിശോധനയായിരുന്നു രണ്ടാംഘട്ടം. ഇതിലൂടെ 1,000 പേർ തെരഞ്ഞെടുക്കപ്പെട്ടു. സാങ്കേതിക വിലയിരുത്തലിനുശേഷം ഇത് 122 പേരായി ചുരുങ്ങി. അഭിമുഖത്തിനുശേഷമാണ് 61 പേർ അന്തിമപട്ടികയിലെത്തിയത്. ഇവരിൽ 41 പേർ പുരുഷൻമാരും 20 സ്ത്രീകളുമാണ്. മൂന്ന് പേർ പി.എച്ച്.ഡി., 12 പേർക്ക് ബിരുദാനന്തര ബിരുദവും ഉണ്ട്.

54 ശതമാനം എൻജിനിയറിങ് മേഖലയിൽനിന്ന് 18 ശതമാനം സൈനിക മേഖല, 18 ശതമാനം വ്യോമയാന മേഖല, അഞ്ച് ശതമാനം ആരോഗ്യ സംരക്ഷണ മേഖലയിൽനിന്നുമാണ്. 61 പേരും നിലവിൽ നൂതന മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാണ്. അന്തിമഘട്ട അഭിമുഖത്തിലൂടെയാണ് അവസാന രണ്ടുപേരെ തിരഞ്ഞെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here