കേരളത്തിൽ ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്ബര്‍ക്കത്തിലൂടെ 801 പുതിയ രോഗികള്‍ . 815 രോഗമുക്തി. ഇന്ന് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു . മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത് .

സമ്പർ‌ക്കത്തിലൂടെയുള്ള രോഗബാധ കൂടുകയാണ്. ഇന്ന് രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ (52) എന്നിവരാണ് മരിച്ചത്. ചികിത്സയിലായിരുന്ന 815 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 801 പേർക്കാണ് ഇന്നു സമ്പർക്കത്തിലൂടെ രോഗം. ഉറവിടം അറിയാത്തത് 40. വിദേശത്തു നിന്നു വന്നവർ 55, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 85. ആരോഗ്യപ്രവർത്തകർ 15, കെഎസ്ഇ 6. ഇന്നു തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ രോഗികൾ– 205 പേർ.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,343 സാംപിളുകളാണ് പരിശോധിച്ചത്. 1,43,251 പേരാണ് നിരീക്ഷണത്തിൽ. 10,779 പേർ ആശുപത്രികളിൽ. ഇന്നു മാത്രം 1115 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിൽ– 11,484 പേർ. ആകെ 4,00,029 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3926 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

സമ്പർക്കവ്യാപനം വഴിയുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോൺ കണ്ടെത്തി മാർക് ചെയ്യാൻ പൊലീസിനെ ചുമതലപ്പെടുത്തും. ജില്ല പൊലീസ് മേധാവിമാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടകൾ സ്വീകരിക്കണം. ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങുന്നതും നിയന്ത്രണ രേഖ മറികടക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയും വർധിക്കുന്നു. ഇത്തരം കാര്യങ്ങളിൽ നിയന്ത്രണത്തിനുള്ള പൂർണ ചുമതല പൊലീസിന് നൽകുന്നു.

സമ്പർക്ക വിലക്ക് ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവർ പൊലീസിനെ അറിയിക്കണം. പോസിറ്റീവ് ആയവരുടെ കോൺടാക്ടുകൾ കണ്ടെത്താനുള്ള നടപടി പൊലീസ് സ്വീകരിക്കണം. ഇതിന് എസ്ഐയുടെ നേതൃത്വത്തിലുള്ള ഒരു ടീം പ്രവർത്തിക്കുന്നു. പോസിറ്റീവ് ആയവരുടെ സമ്പർക്ക പട്ടിക നിലവൽ ഹെൽത് ഇൻസ്പെക്ടർമാരാണ് തയാറാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യാപനത്തിന്റെ തോത് കണക്കിലെടുത്ത് ഇത് പൊലീസിനു നൽകുകയാണ്. പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ കണ്ടെത്തുകയാണ് വേണ്ടത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,27,233 സാംപിളുകള്‍ ശേഖരിച്ചതില്‍ 1254 സാംപിളുകൾ നെഗറ്റീവ് ആയി. നിലവിൽ സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 506.

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കി. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here