കൊവിഡ് പ്രതിരോധിക്കാൻ പുതിയ ആന്റിബോഡി ചികിത്സ (റീജൻ–കോവ്) സ്വന്തമാക്കി അബുദാബി. കാസിരിവിമാബ്, ഇംഡെവിമാബ് എന്നിവയുടെ മോണോക്ലോണൽ ആന്റിബോഡി (കൃത്രിമമായി നിർമിച്ച ആന്റിബോഡി) സംയോജിപ്പിച്ച് ശരീരത്തിലേക്കു കുത്തിവയ്ക്കുന്ന തെറപ്പിയിലൂടെ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

നിസ്സാര, മിത കോവിഡ് ലക്ഷണമുള്ളവർക്കു ഫലപ്രദമായ തെറപ്പിയാണിത്. രോഗികളെ ഗുരുതര അവസ്ഥയിലേക്കു പോകുന്നത് തടയുമെന്ന് അബുദാബി ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ജമാൽ അൽ കാബി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും ഇതു ഗുണം ചെയ്യും. കോവിഡിനെതിരെയുള്ള ഏറ്റവും നൂതനവും സുരക്ഷിതവുമായ മരുന്ന് ലഭ്യമാക്കി രോഗവ്യാപനം തടയുകയാണ് ലക്ഷ്യം. ഇതേസമയം ഇത് കോവിഡിനെതിരായ വാക്സീനല്ലെന്നും പറഞ്ഞു.

സ്വിസ് മരുന്ന് നിർമാതാക്കളായ റോഷും അബുദാബി ആരോഗ്യവിഭാഗവും ചേർന്നാണ് പുതിയ തെറപ്പി വികസിപ്പിച്ചത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഓഗസ്റ്റിൽ അടിയന്തര ഉപയോഗത്തിനായി റീജൻ കോവിന് അംഗീകാരം നൽകിയിരുന്നു. യുഎഇയിൽ സൊട്രോവിമാബ് ആന്റി വൈറൽ മരുന്ന് നൽകിയ ആയിരക്കണക്കിന് രോഗികളിൽ 97% പേർക്കും 14 ദിവസത്തിനകം സുഖപ്പെട്ടതായും അൽകാബി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here