ഇതര എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കു വരുന്നവർ അൽഹൊസൻ ആപ്പിൽ കോവിഡ് നെഗറ്റീവ് ഫലം കാണിക്കണമെന്ന് അധികൃതർ. എസ്എംഎസ് സന്ദേശം കാണിച്ചാൽ ഇനി അതിർത്തി കടത്തിവിടില്ല. എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെടുത്തിയതിനാൽ കോവിഡ് പരിശോധന നടത്തിയ വിവരവും എത്ര ദിവസം പഴക്കമുണ്ടെന്നും ആപ്പിൽ അറിയാം.

അതിനാൽ അതിർത്തി കടക്കാൻ പരിശോധനാ ഫലത്തിനൊപ്പം ഇനി ആപ്പും നിർബന്ധം. നിലവിൽ പിസിആർ/ഡിപിഐ ഫലം എസ്എംഎസിൽ കാണിച്ചാൽ മതിയാരുന്നു. പഴയ ഫലം കാണിച്ച് പലരും അതിർത്തി കടന്നതായി കണ്ടെത്തിയതിനാലാണ് നിയമം കർശനമാക്കിയത്. 24 മണിക്കൂറിനകമുള്ള ഡിപിഐ പരിശോധനാ ഫലമോ 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലമോ കാണിക്കണമെന്നതാണ് അതിർത്തി കടക്കാനുള്ള മാനദണ്ഡം. തുടർച്ചയായി 2 തവണ ഡിപിഐ ടെസ്റ്റെടുക്കാനാവില്ല.

ഡിപിഐ ടെസ്റ്റെടുത്ത് അബുദാബിയിൽ തുടരുന്നവർ 3, 7 ദിവസങ്ങളിലും പിസിആർ ടെസ്റ്റെടുത്ത് തലസ്ഥാനത്തു തുടരുന്നവർ 4, 8 ദിവസങ്ങളിലും വീണ്ടും പിസിആർ ടെസ്റ്റ് എടുക്കണം. നിശ്ചിത ദിവസം പരിശോധന നടത്താത്തവർക്കു 5000 ദിർഹം വീതം പിഴയുണ്ടാകും.വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായ വൊളന്റിയർമാർക്കും ദേശീയ ക്യാംപെയിനിൽ 2 ഡോസ് കോവിഡ് വാക്സീൻ എടുത്തവർക്കും അൽഹൊസൻ ആപ്പിൽ ആക്ടീവ് മുദ്രയുണ്ടെങ്കിൽ (ഇ, ഗോർഡ് സ്റ്റാർ) അതിർത്തി കടക്കാൻ പരിശോധന വേണ്ട. ആക്ടീവാകാൻ ആഴ്ചയിലൊരിക്കൽ പിസിആർ പരിശോധന നടത്തണം.

ഗ്രീൻപട്ടികയിലെ രാജ്യങ്ങളിൽ നിന്നു വരുന്ന വാക്സീൻ എടുത്തവർക്കും വൊളന്റിയർമാർക്കും ക്വാറന്റീൻ വേണ്ട. വിമാനത്താവളത്തിൽ പിസിആർ പരിശോധനയുണ്ടാകും. 6ാം ദിവസം പിസിആർ പരിശോധന നടത്തണം. മറ്റു രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് 10 ദിവസം ക്വാറന്റീൻ വേണം. വിമാനത്താവളത്തിലെ പരിശോധനയ്ക്കു പുറമെ സ്മാർട് വാച്ച് ധരിപ്പിച്ചു വിടും. എട്ടാം ദിവസം പിസിആർ എടുക്കണം. നെഗറ്റീവായാൽ 10ാം ദിവസം സ്മാർട് വാച്ച് തിരിച്ചേൽപിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here