അബുദാബിയിൽ 48 ബിസിനസ് മേഖലകളിൽ ഫ്രീലാൻസർ ലൈസൻസ് പ്രഖ്യാപിച്ചു. നിലവിൽ യുഎഇയിൽ താമസവിസയുള്ള പ്രവാസികൾക്കും, വിസ ഇല്ലാത്തവർക്കും ലൈസൻസിന് അപേക്ഷിക്കാം. ഇവർക്ക് ഓഫീസില്ലാതെ ബിസിനസ് തുടങ്ങാനും കുടുംബത്തെ സ്പോൺസർ ചെയ്യാനും അനുമതിയുണ്ടാകും.

അബുദാബി സാമ്പത്തിക വികസന വകുപ്പാണ് ഫ്രീലാൻസർ ലൈസൻസുകൾ പ്രഖ്യാപിച്ചത്. നിയമം, കൃഷി, ടെക്നോളജി, ഫോട്ടോഗ്രഫി, മീഡിയ, പരസ്യം, ടൈലറിങ്, കരകൗശലം തുടങ്ങിയ മേഖലകളെല്ലാം ഇതിലുൾപ്പെടും. യുഎഇയിലെ പ്രവാസികൾക്കും, യുഎഇയിൽ പുറത്തുള്ളവർക്കും ഫ്രീലാൻസർ ലൈസൻസിനായി അപേക്ഷ നൽകാം. adbc.gov.ae എന്ന വെബ്‍സൈറ്റ് വഴിയാണ് ലൈസൻസിന് അപേക്ഷ നൽകേണ്ടത്. ലൈസൻസ് ലഭിക്കുന്നവർക്ക് ഓഫീസില്ലാതെ തന്നെ അവരുടെ ബിസിനസുകൾ നടത്താം. കുടുംബത്തെ സ്പോൺസർ ചെയ്യാം.

നിലവിൽ യുഎഇയിലെ സർക്കാർ-സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ബിസിനസ് അതേ മേഖലയിലാണെങ്കിൽ തൊഴിലുടമയുടെ മുൻകൂർ അനുമതി നേടിയിരിക്കണം എന്ന നിബന്ധനയുണ്ട്. അപേക്ഷിക്കുന്ന മേഖലയിലെ മികവിന് തെളിവും ഹാജരാക്കണം. സ്ഥാപനങ്ങൾക്ക് താൽകാലികമായി മാത്രം ആവശ്യമുള്ള വിദഗ്ധരെ കണ്ടെത്തുന്നതിനും, വീട്ടമ്മമാർ, വിരമിച്ചവർ, വിദ്യാർഥികൾ എന്നിവർക്ക് വരുമാനം വർധിപ്പിക്കുന്നതിനും ഫ്രീലാൻസ് ലൈസൻസുകൾ സഹായിക്കുമെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here