മരുഭൂമിയിലെ വേനൽക്കാലത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സമ്മർ പാസുമായി അബുദാബി. വാർണർ ബ്രോസ് വേൾഡ്, ഫെറാറി വേൾഡ്, യാസ് വാട്ടർവേൾഡ് അബുദാബി എന്നീ മൂന്നു തീം പാർക്കുകളിലേക്കും മറ്റു സാംസ്കാരിക കേന്ദ്രങ്ങളിലേക്കും പ്രവേശനം നൽകുന്ന സമ്മർ പാസാണ് പുറത്തിറക്കിയത്.

സമ്മർ ലൈക്ക് യു മീൻ ഇറ്റ് എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാംപെയ്നിലൂടെ ആഗോള വിനോദ സഞ്ചാരികളെ യുഎഇ തലസ്ഥാന എമിറേറ്റിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

അബുദാബിയിൽ പുതുതായി തുറന്ന നാഷനൽ അക്വേറിയത്തിലെ സ്രാവുകൾക്കൊപ്പം നീന്തൽ, അൽഐനിലെ മൃഗശാലയിൽ ജിറാഫിനൊപ്പം പ്രഭാത സവാരി, സിംഹത്തിനൊപ്പം അത്താഴം, ലൂവ്റ് അബുദാബിയിലെ യോഗ തുടങ്ങി സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമേകുന്ന പദ്ധതികളാണ് സമ്മർപാസിലുള്ളത്.

യുഎഇയുടെ ചരിത്രമറിയിക്കുന്ന ഖസർ അൽഹൊസൻ, പ്രസിഡൻഷ്യൽ പാലസ്, വാഹത് അൽ കരാമ, ഖസർ അൽ വതൻ, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, ജബൽ ഹഫീത് തുടങ്ങി എമിറേറ്റിലെ സാംസ്‌കാരിക കേന്ദ്രങ്ങൾ സൗജന്യമായി സന്ദർശിക്കാനും സാധിക്കും.

അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പുറത്തിറക്കിയ ട്രാവൽ പാസ് നിരക്ക് ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ വിശദീകരിക്കുമെന്ന് സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here