കോവിഡ് പശ്ചാത്തലത്തില്‍ തിരക്കൊഴിവാക്കാന്‍ സ്മാര്‍ട് ട്രാവല്‍ സംവിധാനവുമായി അബുദാബി രാജ്യാന്തര വിമാനത്താവളം. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്മാര്‍ട് സംവിധാനത്തില്‍ ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരെ മാത്രമാണ് നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിജയകരമായാല്‍ മറ്റു വിമാനങ്ങളിലെ യാത്രക്കാരെയും ഉള്‍പ്പെടുത്തും.

നിര്‍മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ അബൂദബി എയര്‍പോര്‍ട്ട് വികസിപ്പിച്ചെടുത്ത സംവിധാനം വഴി യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തേണ്ട സമയം മുന്‍കൂട്ടി അറിയിക്കും. പ്രസ്തുത സമയം പാലിച്ചു യാത്രക്കാര്‍ എത്തുമ്ബോള്‍ തിരക്ക് ഒഴിവാക്കാനും അകലം പാലിക്കാനും സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് യാത്രക്കാര്‍ക്കു മെച്ചപ്പെട്ട സേവനം ഒരുക്കുന്നതെന്നു അബൂദബി എയര്‍പോര്‍ട്‌സ് സിഇഒ ഷരീഫ് അല്‍ ഹാഷിമി പറഞ്ഞു.

യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യം സുരക്ഷിതമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നു ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജോണ്‍ ബാര്‍ട്ടണ്‍ പറഞ്ഞു. നിര്‍മിത ബുദ്ധി സംവിധാനത്തിലൂടെ വിമാനം വന്നിറങ്ങുന്നതു തത്സമയം കാണാം. ഇതു വേഗത്തില്‍ ലഗേജ് ഇറക്കാനും കയറ്റാനും ഇന്ധനം നിറയ്ക്കാനുമെല്ലാം സഹായകമാകും. കൂടാതെ എയര്‍പോര്‍ട്ടിലെ സുരക്ഷാ സംവിധാനങ്ങളും ക്യാമറകളുമെല്ലാം നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെടുത്തിയതിനാല്‍ അസാധാരണ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയാനും നടപടി വേഗത്തിലാക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here