ഇന്ത്യയിൽ വർധിച്ചുവരുന്ന ഇന്ധന ആവശ്യകത പരിഗണിച്ച് പൊതു, സ്വകാര്യ മേഖലകളിൽ ഹൈഡ്രജൻ പര്യവേക്ഷണത്തിനു യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് സന്നദ്ധത അറിയിച്ചു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രിയുടെയും ഇന്ത്യയിലെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെയും സഹകരണത്തോടെ എനർജി ഫോറം സംഘടിപ്പിച്ച വെർച്വൽ ഹൈഡ്രജൻ സമ്മേളനത്തിലാണു യുഎഇ വ്യവസായ, സാങ്കേതിക മുന്നേറ്റമന്ത്രിയും അഡ്നോക് എംഡിയും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ കൂടുതൽ ശക്തമാക്കാൻ ഇതു സഹായിക്കുമെന്നും പറഞ്ഞു.യുഎഇയുടെ പ്രധാന വ്യാപാര പങ്കാളിത്ത രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയുമായി ഊർജം ഉൾപ്പെടെ ഒട്ടേറെ മേഖലകളിൽ സഹകരണവുമുണ്ട്. ഇത് കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനും ഉദേശിക്കുന്നതായും അഡ്നോകിന്റെ എല്ലാ ഉൽപന്നങ്ങളും ഇന്ത്യയിൽ ലഭ്യമാക്കാൻ തയാറാണെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ ചെലവിൽ കൂടുതൽ ഇന്ധനമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അറിയാം.

എങ്കിലും കാർബൺ രഹിത ഇന്ധനമായ ഹൈഡ്രജൻ പദ്ധതി ഇന്ത്യയുടെ ഊർജപരിവർത്തനം ത്വരിതപ്പെടുത്തുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ അഡ്നോക് വാണിജ്യാടിസ്ഥാനത്തിൽ വർഷത്തിൽ 3 ലക്ഷം ടൺ ഹൈഡ്രജൻ ഉൽപാദിപ്പിച്ചുവരുന്നു. വ്യത്യസ്ത മേഖലകളിലെ പര്യവേക്ഷണത്തിനുള്ള നവീന സാങ്കേതികവിദ്യയും മികച്ച സംഭരണ സംവിധാനവുമുണ്ട്.

വളർന്നു വരുന്ന നീല ഹൈഡ്രജൻ വിപണിയിലും പ്രധാനിയാകാൻ യുഎഇക്കു കഴിയുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.‌ ഇന്ത്യയുടെ ഹൈഡ്രജൻ മിഷൻ യാഥാർഥ്യമാക്കാൻ അഡ്നോകിന്റെ സഹകരണം കൂടുതൽ എളുപ്പമാക്കും. ഇതോടെ പരമ്പരാഗത ഇന്ധനത്തിനു പകരം വാഹനങ്ങളിലും വ്യവസായ ശാലകളിലും ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതോടെ ഈയിനത്തിൽ കോടികൾ ലാഭിക്കാനാകുമെന്നും കരുതുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാനും ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here