യുഎഇയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. വൺവേ ടിക്കറ്റിന് 294 ദിർഹമാണ് (5882 രൂപ) കുറഞ്ഞ നിരക്ക്. നാട്ടിൽ കോവിഡ് കേസുകളുടെ എണ്ണം കൂടിയതും ക്വാറന്റീൻ നിയമങ്ങളിലെ അവ്യക്തതയും മഴയുമെല്ലാം യാത്രക്കാരുടെ ഒഴുക്ക് കുറച്ചു. കൂടാതെ നാട്ടിലേക്കുള്ള വിമാനങ്ങളുടെ ലഭ്യത കൂടിയതും നിരക്കു കുറയാൻ കാരണമായി. ഇതേസമയം കേരളത്തിൽനിന്ന് യുഎഇയിലേക്ക് മൂന്നിരട്ടി നിരക്കാണ് ഈടാക്കുന്നത്.

ദുബായിൽനിന്ന് കൊച്ചി, കോഴിക്കോട് സെക്ടറിലേക്ക് സ്പൈസ് ജെറ്റ്, ഇൻഡിഗോ 294 ദിർഹത്തിനും എയർ ഇന്ത്യാ എക്സ്പ്രസിൽ 295 ദിർഹമിനും ഇന്നലെ ടിക്കറ്റ് ലഭിച്ചിരുന്നു. മറ്റു എയർലൈനുകളിലും ശരാശരി 30–40 ദിർഹത്തിന്റെ വ്യത്യാസത്തിൽ ടിക്കറ്റുണ്ട്. വാരാന്ത്യങ്ങളിൽ ഒഴിച്ചുള്ള ദിവസങ്ങളിലാണ് കുറഞ്ഞ നിരക്ക്. തിരക്കുള്ള ദിവസങ്ങളിലാണെങ്കിൽ പോലും 500 ദിർഹത്തിൽ താഴെയാണ് ഭൂരിഭാഗം എയർലൈനുകളുടെയും നിരക്ക്. ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കും ദുബായിൽ നിന്നും ഷാർജയിൽ നിന്നും ഏതാണ്ട് ഇതേ നിരക്കിൽ യാത്ര ചെയ്യാം.

ഒക്ടോബർ, നവംബർ മാസങ്ങളിൽ നിരക്ക് ഇനിയും കുറയുമെന്നാണ് സൂചന. ഇതേസമയം അബുദാബിയിൽ നിന്നാണ് യാത്രയെങ്കിൽ നിരക്ക് ഏതാണ്ട് ഇരട്ടിയോളം നൽകണം. അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്ക് 680 മുതൽ 930 ദിർഹം വരെയാണ് നിരക്ക്. ഇവിടുന്നു കേരള സെക്ടറുകളിലേക്ക് മറ്റു വിമാന കമ്പനികളുടെ സർവീസ് ഇല്ലാത്തതിനാലാണ് നിരക്ക് ഉയർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here