ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങി അമേരിക്ക. പ്രതിനിധിസഭയിലെ 435 സീറ്റിലേക്കും സെനറ്റിലെ ആകെയുള്ള നൂറില്‍ 34 സീറ്റിലേക്കും ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. ബൈഡന്റെ നാലുവര്‍ഷ കാലാവധിയുടെ നേര്‍പാതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില് പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ടി പ്രതിനിധിസഭയില്‍ ഭൂരിപക്ഷം നേടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 36 സംസ്ഥാനത്തെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.

നിലവില്‍ പ്രതിനിധിസഭയില്‍ ഭരണകക്ഷിയായ ഡെമോക്രാറ്റുകള്‍ക്ക് എട്ട് സീറ്റിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്. റിപ്പബ്ലിക്കന്മാര്‍ക്ക് 212, ഡെമോക്രാറ്റുകള്‍ക്ക് 220 എന്നിങ്ങനെയാണ് സീറ്റുനില. മൂന്ന് സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. നൂറംഗ സെനറ്റിലാകട്ടെ, ഏതാണ്ട് തുല്യ ബലാബലവും. റിപ്പബ്ലിക്കന്‍സ് 50, ഡെമോക്രാറ്റ്സ് 48, സ്വതന്ത്രര്‍ രണ്ട്. നിര്‍ണായക ഘട്ടങ്ങളില്‍ അധ്യക്ഷയായ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ‘ടൈ ബ്രേക്കര്‍’ വോട്ടുകൊണ്ടുമാത്രം ഭരണപക്ഷം രക്ഷപ്പെടുന്ന അവസ്ഥ.

പ്രതിനിധിസഭയിലെങ്കിലും റിപ്പബ്ലിക്കന്‍സ് മേല്‍ക്കൈ നേടാനുള്ള സാധ്യത സര്‍വേ ഫലങ്ങള് തള്ളിക്കളയുന്നില്ല. പ്രസിഡന്റ് ജോ ബൈഡന്റെ ജനസമ്മിതില് അടുത്തിടെ റെക്കോഡ് ഇടിവുണ്ടായതായി സര്‍വേകള്‍ സൂചിപ്പിക്കുന്നു. പ്രധാന സഭകളിലൊന്ന് പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലായാല്‍ ബൈഡന്‍ ഭരണത്തിന്റെ കാര്യക്ഷമതയെ ബാധിക്കും. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ടി അധികം സീറ്റ് നേടിയാലും ഭരണപക്ഷം പ്രശ്നത്തിലാകും.

ഇടക്കാല തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ 2024ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭഛിദ്ര അവകാശം എടുത്തുകളഞ്ഞ സുപ്രീംകോടതി വിധിയും അനിയന്ത്രിതമായ വിലക്കയറ്റവുമാണ് തെരഞ്ഞെടുപ്പിലെ സജീവ ചര്‍ച്ച.

LEAVE A REPLY

Please enter your comment!
Please enter your name here