ഏഷ്യാ കപ്പിൽ ‘ഫൈനലിനു മുൻപുള്ള ഫൈനലി’ൽ പാക്കിസ്ഥാനെതിരേ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം. ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഈ വർഷത്തെ ഫൈനലിസ്റ്റുകൾ നേർക്കുനേരെത്തിയപ്പോൾ, അഞ്ചു വിക്കറ്റിന്റെ ജയമാണ് ശ്രീലങ്ക നേടിയത്.

122 റണ്‍സ് പിന്തുടര്‍ന്ന ലങ്ക മൂന്ന് ഓവറുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു. സൂപ്പര്‍ ഫോറില്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ശ്രീലങ്ക ഫൈനലിന് തയ്യാറെടുക്കുന്നത്. സ്‌കോര്‍ – പാകിസ്താന്‍ 19.1 ഓവറില്‍ 121-10, ശ്രീലങ്ക 17 ഓവറില്‍ 124-5. ശ്രീലങ്കയുടെ വനിന്ദു ഹസരംഗയാണ് കളിയിലെ താരം.

ടോസ് നേടിയ ലങ്കൻ നായകന്‍ ദസൂണ്‍ ഷാനക പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19.1 ഓവറില്‍ 121 റണ്‍സിന് പാകിസ്താന്‍ കൂടാരം കയറി. തകര്‍പ്പന്‍ ഫോമിലുള്ള പാക് ബാറ്റര്‍മാരെ ഒരു ഘട്ടത്തിലും കുതിക്കാനനുവദിക്കാതെ ലങ്കന്‍ ബൗളര്‍മാര്‍ തളയ്ക്കുകയായിരുന്നു. 29 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. ശ്രീലങ്കയ്ക്ക് വേണ്ടി വനിന്ദു ഹസരംഗ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.മുഹമ്മദ് നവാസ് 18 പന്തിൽ 26 റൺസെടുത്തും മുഹമ്മദ് റിസ്‍വാൻ 14 പന്തിൽ 14 റൺസെടുത്തും പുറത്തായി. ഫഖർ സമാൻ (18 പന്തിൽ 13), ഇഫ്തിഖർ അഹമ്മദ് (17 പന്തിൽ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് പാക്ക് താരങ്ങൾ.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇരു ടീമുകളും ഒരിക്കൽക്കൂടി മുഖാമുഖമെത്തും. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്താനോട് തോല്‍വി വഴങ്ങിയായിരുന്നു ലങ്കയുടെ തുടക്കം. തൊട്ടടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തില്‍ അവിശ്വസനീയമായി തിരികെ വന്ന് വിജയിച്ച ലങ്ക ഞെട്ടിച്ചു. പിന്നീട് ഒരു മത്സരത്തിലും തോല്‍ക്കാതെയാണ് ലങ്കയുടെ തിരിച്ചുവരവ്.

LEAVE A REPLY

Please enter your comment!
Please enter your name here