കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.കെ. വാര്യര്‍ (100) അന്തരിച്ചു. 100 വയസ്സായിരുന്നു. 1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ കോടിതലപ്പണ ശ്രീധരന്‍ നമ്ബൂതിരിയുടെയും പന്ന്യംപള്ളി കുഞ്ചി വാരസ്യാരുടെയും മകനായി 1921 ജൂണ്‍ അഞ്ചിനാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ. വാര്യരുടെ ജനനം. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലായിരുന്നു പഠനം. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്‌നം പി.എസ്.വാര്യര്‍ ആയുര്‍വേദ കോളേജിലും. അമ്മാവനായ വൈദ്യരത്‌നം ഡോ.പി.എസ്. വാര്യരാണ് ഗുരുവും വഴികാട്ടിയും.

ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാംഗരത്‌നം പുരസ്‌കാരം, ഡോ.പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്‌കാരം, സി.അച്യുതമേനോന്‍ അവാര്‍ഡ്, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി.കെ.വാര്യരെത്തേടിയ ബഹുമതികളില്‍ ചിലതുമാത്രം. കേരള ആയുര്‍വേദ മണ്ഡലം, അഖിലേന്ത്യാ ആയുര്‍വേദ കോണ്‍ഗ്രസ് എന്നിവയുടെ അദ്ധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്മൃതിപര്‍വമെന്ന പേരില്‍ രചിച്ച ആത്മകഥ സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. കവി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കള്‍: ഡോ. കെ.ബാലചന്ദ്രന്‍ വാര്യര്‍, പരേതനായ കെ.വിജയന്‍ വാര്യര്‍, സുഭദ്ര രാമചന്ദ്രന്‍. മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന്‍ വാര്യര്‍, കെ.വി.രാമചന്ദ്രന്‍ വാര്യര്‍.

LEAVE A REPLY

Please enter your comment!
Please enter your name here