അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കി. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുള്ളത്. ബാബരി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്തു തകര്‍ത്തതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു.

27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികള്‍. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്.

വിനയ് കട്യാര്‍, സാധ്വി റിതംബര, ചംപട് റായ്, റാം വിലാസ് വേദാന്തി, ധര്‍മദാസ്, സാക്ഷി മഹാരാജ്, ബ്രജ് ഭൂഷണ്‍ ശരണ്‍ യാദവ്, പവന്‍ പാണ്ഡെ തുടങ്ങി 26 പ്രതികളാണ് വിധി പ്രസ്താവം കേള്‍ക്കുന്നതിനായി കോടതിയില്‍ എത്തിയിയത്. എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമ ഭാരതി, മഹന്ത് നൃത്യഗോപാല്‍ ദാസ്, സതീഷ് പ്രധാന്‍ എന്നിവര്‍ ഹാജരായിട്ടില്ല. ഇവര്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി വിധി പ്രസ്താവം കേട്ടു. കോവിഡ് ബാധിതയായതിനാലാണ് ഉമ ഭാരതി കോടതിയിലെത്താതിരുന്നത്.

കോടതിക്കു പുറത്ത് ബാരിക്കേഡ് സ്ഥാപിച്ച്‌ മാധ്യമങ്ങളെ നിയന്ത്രിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ശിക്ഷ വിധിക്കുകയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പ്രതികളില്‍ ഒരാളായ റാംജി ഗുപ്ത പറഞ്ഞു.

കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയില്‍ രാമജന്മഭൂമി പരിസരത്തും കൂടുതല്‍ പൊലീസിനെയും അര്‍ധസൈനികരെയും വിന്യസിച്ചു. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വിസ്തരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയെന്നാണ് വാദം.

ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിര്‍മാണ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപട് റായ്, മുന്‍ എംപി വിനയ് കട്യാര്‍, മുന്‍ മധ്യപ്രദേശ് മന്ത്രിയും ബജ്റങ് ദള്‍ നേതാവുമായിരുന്ന ജയ്ഭാന്‍ സിങ് പവയ്യ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികള്‍. 32 പ്രതികളില്‍ 25 പേര്‍ക്കും വേണ്ടി ഹാജരാകുന്നത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകന്‍. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചു. രണ്ടു വര്‍ഷം കൊണ്ടു വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി 2017 ഏപ്രില്‍ 19ന് ഉത്തരവിട്ടിരുന്നു. പിന്നീട് ആദ്യം ഈ വര്‍ഷം ഓഗസ്റ്റ് 31 വരെയും തുടര്‍ന്ന് ഇന്നേക്കും തീയതി നീട്ടിക്കൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here