കേരള രാഷ്ട്രീയത്തിലെ അതിഗായന്മാരില്‍ ഒരാളായിരുന്നു കീഴൂട്ട് രാമകൃഷ്ണ പിള്ള ബാലകൃഷ്ണ പിള്ള എന്ന ആര്‍ ബാലകൃഷ്ണ പിള്ള. കേരള രാഷ്ട്രീയത്തിലെ തന്നെ നിര്‍ണായകമായ ഏടാണ് ഇദ്ദേഹത്തിന്റെ ജീവിതം. നാല് പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം സഞ്ചരിച്ചു. 1935ല്‍ മാര്‍ച്ച്‌ 8ന് കൊല്ലം വാളകത്താണ് ജനനം. കീഴൂട്ട് രാമകൃഷ്ണ പിള്ള- കാര്‍ത്യായനി അമ്മ ദമ്ബതികളുടെ മകനാണ്.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തിരുവിതാംകൂര്‍ സ്റ്റുഡന്റ്‌സ് യൂണിയനില്‍ അംഗമായിരുന്നു. കോണ്‍ഗ്രസില്‍ തുടങ്ങി പിന്നീട് കേരളാ കോണ്‍ഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ ജീവിതം. കെപിസിസി എക്‌സിക്യൂട്ടിവ് അംഗമായും എഐസിസി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1960 പത്തനാപുരത്ത് നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയില്‍ എത്തി. അപ്പോള്‍ വെറും 25 വയസ് മാത്രമേ ഇദ്ദേഹത്തിന് പ്രായമുണ്ടായിരുന്നുള്ളൂ. ഏറ്റവും ചെറുപ്രായത്തില്‍ നിയമസഭാംഗമായ റെക്കോര്‍ഡ് അതോടെ ആര്‍ ബാലകൃഷ്ണ പിള്ളയുടെ പേരിലായി. അന്നേ നാട്ടിലെ എന്‍എസ്‌എസ് കരയോഗത്തിലെ പ്രമാണിയായിരുന്നു.

1964ല്‍ കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 എംഎല്‍എമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടപ്പോള്‍ അതിലൊരാളായിരുന്നു. പിന്നീട് ഇവര്‍ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

1965ല്‍ സ്വന്തം തട്ടകമായ കൊട്ടരക്കരയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967, 1970 തെരഞ്ഞെടുപ്പുകളില്‍ തോല്‍വി രുചിച്ചു. 1971ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ ആദ്യമായി അച്യുത മേനോന്‍ മന്ത്രിസഭയില്‍ അംഗമായി ഗതാഗത, എക്‌സൈസ്, ജയില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

1980-82, 1982- 85, 1986-87 എന്നീ കാലഘട്ടങ്ങളില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതല വഹിച്ചിരുന്നു. ഒരേസമയം പഞ്ചായത്ത് പ്രസിഡന്റ്, എംഎല്‍എ, മന്ത്രി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. 991ലെ കരുണാകരന്‍ മന്ത്രിസഭയിലും 2001ല്‍ എ കെ ആന്റണി മന്ത്രിസഭയിലും ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.

1977ല്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പിളര്‍ത്തി കേരളാ കോണ്‍ഗ്രസ് ബി എന്ന പാര്‍ട്ടിയുണ്ടാക്കി. യുഡിഎഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. 1980ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ 37000 വോട്ടിന്റെ ഭൂരിപക്ഷം കാല്‍ നൂറ്റാണ്ടിലധികം റെക്കോര്‍ഡ് ആയിരുന്നു.2006ല്‍ കൊട്ടാരക്കരയില്‍ സിപിഐഎം ആയിഷാ പോറ്റിയോട് പരാജയപ്പെട്ടതോടെ പാര്‍ലമെന്ററി ജീവിതം അവസാനിപ്പിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലെത്തിയ ഇദ്ദേഹത്തെ മുന്നാക്ക കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു. പരേതയായ വത്സലയാണ് ബാലകൃഷ്ണ പിള്ളയുടെ ഭാര്യ. സിനിമാ താരവും മുന്‍മന്ത്രിയും പത്തനാപുരം എംഎല്‍എയും ആയ ഗണേഷ് കുമാര്‍ അടക്കം മൂന്ന് മക്കളുണ്ട്. കേരള ചരിത്രത്തിലെ നിരവധി അപൂര്‍വ്വ റെക്കോര്‍ഡുകളുടെ ഉടമയാണ് ആര്‍ ബാലകൃഷ്ണപിളള.മരണത്തിന് ശേഷവും ഭേദിക്കാനാകാത്ത റെക്കോര്‍ഡുകളും ബാലകൃഷ്ണപിളളയുടേതായി കുറിക്കപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here