മൈക്രോസോഫ്​റ്റ്​ സ്​ഥാപകന്‍ ബില്‍ ഗേറ്റ്​സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു. 27 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനാണ്​ ഇരുവരും അവസാനം കുറിച്ചത്​. വേര്‍പിരിയുമെങ്കിലും ബില്‍- മെലിന്‍ഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ്​ ഇരുവരുടെയും തീരുമാനം.

‘ഒരുപാട് ആലോചനകള്‍ക്ക്​ ശേഷമെടുത്ത തീരുമാനമാണ്. ദമ്ബതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാന്‍ സാധിക്കാത്തതിനാലാണ് വേര്‍പിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകും’ -ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ബ്ലൂംബര്‍ഗ്​ ബിസിനസ്​ ഇന്‍ഡെക്​സിന്‍റെ കണക്കു​കള്‍ പ്രകാരം ഇരുവര്‍ക്കുമായി 145 ബില്യണ്‍ ഡോളര്‍ ആസ്​ഥിയുണ്ട്​. ഇരുവരും നേതൃത്വം നല്‍കുന്ന ബില്‍- മെലിന്‍ഡ ഫൗണ്ടേഷന്‍ ലോകത്തിലെ ഏറ്റവും മികച്ച ജീവകാരുണ്യ സംഘടനകളില്‍ ഒന്നാണ്​. വനിതകളുടെ അവകാശ സംരക്ഷണത്തിനും കാലാവസ്​ഥ വ്യതിയാനങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ 50 ദശലക്ഷം ഡോളര്‍ ചെലവഴിച്ചിരുന്നു.

65കാരനായ ബില്‍ഗേറ്റ്​സ് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ലോകത്ത്​ നാലാമനാണ്​. 56കാരിയായ മെലിന്‍ഡ മുമ്ബ്​ മൈക്രോസോഫ്​റ്റില്‍ മാനേജരായിരുന്നു. ബില്ലും മെലിന്‍ഡയും ഫൗണ്ടേഷന്‍റെ കോ-ചെയര്‍മാന്‍മാരും ട്രസ്റ്റികളുമായി ത​ുടരുമെന്ന്​ ഫൗണ്ടേഷന്‍ പ്രസ്​താവനയില്‍ പറഞ്ഞു. നേരത്തെ ആമസോണ്‍ സ്​ഥാപകനായിരുന്ന ജെഫ്​ ബെസോസിന്‍റെ വിവാഹമോചനവും വലിയ വാര്‍ത്തയായിരുന്നു. വിവാഹ മോചനത്തോടെ ലോകത്തെ ഏറ്റവും ധനികയായ സ്ത്രീകളിലൊരാളായി മാറുകയായിരുന്നു ബെസോസിന്‍റെ 48കാരിയായ മുന്‍ ഭാര്യ മക്കന്‍സി സ്​കോട്​.

25 വര്‍ഷത്തെ ദാമ്ബത്യത്തിനൊടുവിലാണ് 2019 ജനുവരിയില്‍ ഇരുവരും പിരിഞ്ഞത്. വിവാഹമോചന കരാര്‍ പ്രകാരം ബെസോസ്​ സമ്ബത്തിന്‍റെ നാല്​ ശതമാനം മക്കന്‍സിക്ക് നല്‍കേണ്ടി വന്നു. 35.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആമസോണിന്‍റെ 19.7 ദശലക്ഷം ഓഹരികളാണ്​ മക്കന്‍സിക്ക്​ ലഭിച്ചത്​​. ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ജീവനാംശമാണിത്. തന്‍റെ സമ്ബത്തിന്‍റെ വലിയൊരു പങ്ക്​ അവര്‍ ജീവകാരുണ്യ ​പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here