വിജയ ചിത്രങ്ങളുടെ വലിയ ട്രാക്ക് റെക്കോർഡോടെ ചുരുങ്ങിയ പ്രായത്തിൽ ബോളിവുഡിൽ സാന്നിധ്യം അടയാളപ്പെടുത്തിയ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെത്തുടർന്ന് ഞെട്ടലിലാണ് സിനിമ ലോകം. താരത്തിന്റെ അകാല മരണത്തിൽ സിനിമ ലോകത്ത് നിന്നും പൊതുരംഗത്ത് നിന്നും ആരാധകരിൽ നിന്നും കണ്ണീരിൽ കുതിർന്ന അനുശോചനം പ്രവഹിക്കുകയാണ്.

ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തിൽ ധോണിയുടെ വേഷം അവതരിപ്പിച്ച സുശാന്ത് സിംഗ് രാജ്പുത് 2013 ൽ ‘കായി പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ‘ കായി പോ ചെ’യിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും ലഭിച്ചു. അഭിനയത്തിന് പുറമെ സുശാന്ത്4എഡ്യൂക്കേഷൻ പോലുള്ള യുവ വിദ്യാർത്ഥികളെ സഹായിക്കാൻ ആരംഭിച്ച പരിപാടികളിലടക്കം ഈ നടൻ സജീവമായിരുന്നു.

ബീഹാറിലെ പട്നയിൽ ജനിച്ച സുശാന്ത് സിംഗ് രാജ്പുത് അമ്മയുടെ മരണശേഷം ഡൽഹിയിലേക്ക് ചേക്കേറിയിരുന്നു. പട്നയിലെ സെന്റ് കരേൻസ് ഹൈസ്കൂളിനും ന്യൂഡൽഹിയിലെ കുലച്ചി ഹൻസ്രാജ് മോഡൽ സ്കൂളിലും പഠിച്ചു. ഡെൽഹി സാങ്കേതിക സർവകലാശാലയിൽ നിന്ന് ബാച്ചിലർ ഓഫ് എൻജിനീയറിങിൽ (മെക്കാനിക്കൽ എൻജിനീയറിങ്) പഠിച്ച സുശാന്ത് സിംഗ് ഭൗതികശാസ്ത്രത്തിലെ ഒരു ദേശീയ ഒളിമ്പ്യാഡ് ജേതാവ് കൂടിയാണ്. പഠിക്കുമ്പോൾ തന്നെ പ്രശസ്ത നൃത്ത സംവിധായകൻ ശ്യാമക് ദാവറിന്റെ നൃത്ത ക്ലാസുകളിൽ ചേർന്നിരുന്നു. ഡാൻസ് ക്ലാസ്സിലെ ചില സഹപാഠികൾ അഭിനയത്തിൽ താൽപര്യമുണ്ടാക്കുകയും ബാർ ജോണിന്റെ നാടക ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു. സുശാന്തും അവരോടൊപ്പം അഭിനയ ക്ലാസുകളിൽ ചേർന്നു.

2008 ൽ, ബാലാജി ടെലിഫിലിംസിന്റെ സ് ദേശ് മേം ഹെ മേരാ ദിൽ എന്ന സിനിമയിൽ പ്രീത് ജുനേജയുടെ വേഷം ചെയ്തു. 2009 ജൂണിൽ സുശാന്ത്, ‘പവിത്ര രിഷ്ത’ എന്ന ടെലിവിഷൻ പരമ്പരയിൽ മാനവ മുഖ് എന്ന കഥാപാത്രമായി തിളങ്ങി. കുടുംബത്തെ സഹായിക്കുന്ന പക്വതയുള്ള മെക്കാനിക്കിന്റെ റോളായിരുന്നു ഇതിൽ.

അഭിഷേക് കപൂറിന്റെ ‘കയ് പോ ചെ’ എന്ന സിനിമയിൽ സുശാന്തിനെ തിരഞ്ഞെടുത്തു. രാജ്കുമാർ റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ചേതൻ ഭഗത്തിന്റെ നോവലായ ‘ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്’ അടിസ്ഥാനമാക്കിയായിരുന്നു ഈ ചലച്ചിത്രം. ഈ ചിത്രം ഒരു നിർണ്ണായകവും വാണിജ്യപരവുമായ വിജയമായിത്തീർന്നു.

2013 ൽ രണ്ടാമത്തെ ചലച്ചിത്രമായ ‘ശുദ്ദ് ദേശി റൊമാൻസിൽ’ പരിനീതി ചോപ്ര, വാനി കപൂർ എന്നിവരായിരുന്നു നായികമാർ. പി. കെ. എന്ന ചിത്രത്തിൽ ആമിർ ഖാനും, അനുഷ്ക ശർമയുമൊപ്പം അഭിനയിക്കാൻ സുശാന്തിന് അവസരം ലഭിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന പുറത്തിറങ്ങിയ നീരജ് പാണ്ഡെയുടെ ‘എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിൽ ധോണിയുടെ വേഷം അവതരിപ്പിച്ചതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രം താരത്തിന്റെ കരിയറിൽ നിർണ്ണായകവും വാണിജ്യപരവുമായ വിജയമായിരുന്നു. 2016 ൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായി മാറി.
സാറാ അലി ഖാ ന്റെ അരങ്ങേറ്റ ചിത്രമായ 2018 ൽ ഇറങ്ങിയ കേദാർനാഥിൽ സുശാന്തായിരുന്നു നായകൻ.

2018 ൽ കേരളത്തെ പിടിച്ച്‌ കുലുക്കിയ പ്രളയത്തെത്തുടർന്ന് ദുരിതത്തിലായവർക്ക് ഭക്ഷണമെത്തിക്കണമെന്നാഗ്രഹമുണ്ടെങ്കിലും കൈയിൽ പണമില്ലെന്ന ഒരാരാധകൻ ട്വീറ്റ് ചെയ്‌തതിനെത്തുടർന്ന് നിങ്ങളുടെ പേരിൽ ഒരു കോടി രൂപ ഞാൻ നിക്ഷേപിക്കുമെന്ന് പറഞ്ഞ വലിയ മനുഷ്യ സ്നേഹിയെ കൂടിയാണ് സുശാന്തിന്റെ വേർപാടിലൂടെ നഷ്ടമായത്. പറഞ്ഞ വാക്കു പോലെ ഉടൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം തുക കൈമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here