അബൂദബി ആസ്ഥാനമായുള്ള എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രവാസി വ്യവസായിയുമായ ബി ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും കണ്ടുകെട്ടാന്‍ യുകെ കോടതിയുടെ ഉത്തരവ്. വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് അബൂദബി വാണിജ്യ ബാങ്കിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് യുകെ കോടതി നടപടി. ഇതിനു പുറമെ, കഴിഞ്ഞ വര്‍ഷം എന്‍എംസി ഹെല്‍ത്ത് കെയറിന്റെ സിഇഒ സ്ഥാനത്ത് നിന്ന് രാജിവച്ച മലയാളി പ്രശാന്ത് മങ്ങാട്ട് ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ, ഇരുവര്‍ക്കും ലോകത്തെ ഏത് ഭാഗത്തുള്ള തങ്ങളുടെ സ്വത്തുക്കളും വില്‍ക്കാനാവില്ല. ഷെട്ടിക്കെതിരേ നേരത്തെ യുഎഇയിലും നടപടികളുണ്ടായിരുന്നു.

എന്‍എംസി ഹെല്‍ത്ത്, യുഎഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചിരുന്നു. വിവിധ ബാങ്കുകള്‍ക്ക് 50,000 കോടി രൂപയോളം വായ്പയിനത്തില്‍ ബി ആര്‍ ഷെട്ടി നല്‍കാനുണ്ടെന്നാണ് റിപോര്‍ട്ട്. എട്ട് രാജ്യങ്ങളിലെ 12 നഗരങ്ങളിലായി 45 ശാഖകള്‍ എന്‍എംസിക്കുണ്ട്. കേരളത്തിലേയ്ക്ക് പണമെത്തിക്കാന്‍ ഗള്‍ഫിലെ മലയാളികളില്‍ ഭൂരിഭാഗവും ആശ്രയിച്ചിരുന്ന യുഎഇ എക്‌സ്‌ചേഞ്ചിനു 31 രാജ്യങ്ങളിലായി 800ലധികം ശാഖകളുണ്ട്. അബൂദബി കൊമേഴ്‌സ്യല്‍ ബാങ്കിന് 96.3 കോടി ഡോളര്‍, ദുബയ് ഇസ് ലാമിക് ബാങ്കിന് 54.1 കോടി ഡോളര്‍, അബൂദബി ഇസ് ലാമിക് ബാങ്കിന് 32.5 കോടി ഡോളര്‍, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന് 25 കോടി ഡോളര്‍, ബാര്‍ക്ലെയ്‌സ് ബാങ്കിന് 14.6 കോടി ഡോളര്‍ എന്നിങ്ങനെയാണ് ഷെട്ടിയുടെ വായ്പകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here