റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്‌പുട്‌നിക് വി കൊവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാന്‍ ബ്രസീല്‍ അനുമതി നല്‍കി.കൊവിഡ് പ്രതിരോധത്തിനായി റഷ്യയുടെ വാക്‌സിന്‍ തെരഞ്ഞെടുക്കുന്ന 67-ാമത്തെ രാജ്യമാണ് ബ്രസീല്‍ എന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്‌റ്റ്മെന്‍റ് ഫണ്ട് (ആര്‍ഡിഐഎഫ്) അറിയിച്ചു. തെക്കേ അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യം കൂടിയായ ബ്രസീലിലെ നിരവധി സംസ്ഥാനങ്ങളില്‍ സ്‌പുട്‌നിക് വി അംഗീകരിച്ചതായി ബ്രസീല്‍ ദേശീയ ആരോഗ്യ ഏജന്‍സി (അന്‍വിസ) ഔദ്യോഗികമായി അറിയിച്ചു.

സര്‍ക്കാര്‍ റെഗുലേറ്റര്‍മാര്‍ നല്‍കുന്ന അംഗീകാരങ്ങളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ കൊറോണ വൈറസിനെതിരായ വാക്‌സിനുകളില്‍ സ്‌പുട്‌നിക് വി രണ്ടാം സ്ഥാനത്താണ്. റഷ്യന്‍ ആരോഗ്യ മന്ത്രാലയം നല്‍കിയ സാങ്കേതിക റിപ്പോര്‍ട്ട് അന്‍വിസ പരിഗണിച്ചതിന് ശേഷമാണ് ബ്രസീലിയന്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും അനുമതി ലഭിച്ചത്.

വ്യാപന ശേഷിയുള്ള അഡെനോവൈറല്‍ വെക്‌ടറുകള്‍ (ആര്‍‌സി‌എ) കണ്ടെത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന അധിക വിവരങ്ങള്‍ റഷ്യ അന്‍‌വിസയ്ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ മറ്റു രാജ്യങ്ങളില്‍ സ്‌പുട്‌നിക് വി കൊവിഡ് രോഗികളില്‍ ഉപയോഗിച്ചതിലൂടെ ഉയര്‍ന്ന ഫലപ്രാപ്‌തിയും സുരക്ഷയും സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യന്‍ നവാക്‌സിന്‍ നിര്‍മാതാക്കള്‍ നല്‍കുന്ന വിവരമനുസരിച്ച്‌ സ്‌പുട്‌നിക് വിയുടെ ഫലപ്രാപ്‌തി 97.6 ശതമാനമാണ്. ഈ വാക്‌സിന്‍ ഉപയോഗിച്ചവരില്‍ അലര്‍ജി പോലുള്ള രോഗങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ കൊവിഡ് രോഗികളില്‍ സ്‌പുട്‌നിക് വി തികച്ചും സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here