എക്സ്‌പോ 2020 ദുബായുടെ സസ്റ്റൈനിബിലിറ്റി ഡിസ്ട്രിക്ടിൽ 4000 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ബ്രസീൽ പവിലിയനിലേക്ക് വൻ ജനപ്രവാഹം. ജൈവ വൈവിധ്യത്തിന്റെയും ബിസിനസ് ശേഷിയുടെയും അനന്തകാഴ്ചകളുടെ ആവിഷ്കാരമാണ് ഈ പവിലിയനിൽ. ഒക്ടോബർ ഒന്നിന് എക്‌സ്‌പോ 2020 തുടങ്ങി ഒരു മാസം തികയുന്നതിന് മുൻപേ 200,000 സന്ദർശകരാണ് ഇവിടെയെത്തിയതെന്ന് ബ്രസീലിയൻ എക്സ്‌പോർട്ട് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ഏജൻസി (അപെക്‌സ് ബ്രസീൽ) അറിയിച്ചു. എക്സ്‌പോയിലെ ബ്രസീലിന്റെ പങ്കാളിത്തത്തിന് മേൽനോട്ടം വഹിക്കുന്ന നോഡൽ ഏജൻസിയാണ് അപെക്‌സ് ബ്രസീൽ.

പവിലിയനിൽ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിലേക്ക് ധാരാളം സന്ദർശകരാണ് ആകർഷിക്കപ്പെടുന്നത്. മികച്ച പ്രതികരണമാണ് സന്ദർശകരിൽ നിന്ന്‌ ഇതുവരെ ലഭിച്ചതെന്നും പവിലിയൻ ഡയറക്ടർ റാഫേൽ നാസ്സിമെന്റോ പറഞ്ഞു. ലണ്ടനിൽനിന്നുള്ള നാലംഗ കുടുംബം എക്‌സ്‌പോയിൽ സന്ദർശനം നടത്തിയതോടെയാണ് പവിലിയൻ 200,000 സന്ദർശകർ എന്ന റെക്കോഡ് കരസ്ഥമാക്കിയത്. പവിലിയൻ ഡയറക്ടറും ജീവനക്കാരുമായുള്ള ആഘോഷത്തിൽ കുടുംബവും പങ്കെടുത്തു.

ബ്രസീലിന്റെ പരിസ്ഥിതി സംരക്ഷണ യത്നങ്ങളും പ്രകൃതിയോടുള്ള പ്രതിബദ്ധതയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലം കുറയ്ക്കാനുള്ള കാര്യങ്ങളും പ്രതിപാദിച്ചിരിക്കുന്ന ബ്രസീൽ പവിലിയന്റെ പ്രധാന ആശയം ജൈവവൈവിധ്യമാണ്. കൂടാതെ ഭക്ഷണം, യാത്രാ, ടൂറിസം തുടങ്ങിയ ഇനങ്ങളിൽ നിക്ഷേപത്തിലും വ്യാപാരത്തിലും ബ്രസീൽ നല്ല അവസരങ്ങളാണ് മുന്നോട്ടുവെക്കുന്നത്.

മികച്ച വാസ്തുവിദ്യയിൽ നിർമിച്ച ബ്രസീൽ പവിലിയൻ 20 മില്യൻ യു.എസ് ഡോളറിലാണ് നിർമിച്ചിരിക്കുന്നത്. വനങ്ങൾ, നദികൾ, നഗര കേന്ദ്രങ്ങൾ, ഭക്ഷണം, സംസ്കാരം തുടങ്ങി 140 കൂറ്റൻ പ്രൊജക്ടറുകൾ ഉപയോഗിച്ച് വീഡിയോ ഇമേജുകളിലൂടെ പവിലിയന്റെ അകത്തളത്തിലെ അർധസുതാര്യ പ്രതലത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നു. ആമസോൺ മഴക്കാടുകളുടെ അനുഭവം പുനഃസൃഷ്ടിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

LEAVE A REPLY

Please enter your comment!
Please enter your name here