കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബ്രസീലില്‍ വെച്ചു നടക്കും. കോവിഡ് വ്യാപനം മൂലമാണ് കൊളംബിയയും – അര്‍ജന്റീനയും സംയുക്തമായി നടത്താനിരുന്ന വേദി മാറ്റുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ സംഘടനയായ ‘കോണ്‍മെബോല്‍’ തിങ്കളാഴ്ച നല്‍കി.

കൊളംബിയന്‍ പ്രസിഡന്റിനെതിരെ നടന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍ മേയ് 20 ന് കൊളംബിയയില്‍ നിന്നും വേദി മാറ്റിയിരുന്നു അതിനു ശേഷമാണ് ഇപ്പോള്‍ പൂര്‍ണമായും ബ്രസീലിലേക്ക് വേദി മാറ്റുന്നത്. ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെ ആണ് ടൂര്‍ണമെന്റ് നടക്കുകയെന്നും കോണ്‍മെബോല്‍ ട്വിറ്ററിലൂടെ അറിയിച്ചു. ബ്രസീലായിരുന്നു 2019ലെ വിജയിയും ആതിഥേയരും. മത്സരങ്ങള്‍ നടക്കുന്ന നഗരങ്ങളെ കുറിച്ചും മത്സരക്രമങ്ങളും അടുത്ത മണിക്കൂറില്‍ തീരുമാനിക്കുമെന്നും ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോയും ബ്രസീല്‍ ഫുടബോള്‍ ഫെഡറേഷനും പൂര്‍ണ സുരക്ഷയോടെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ സമ്മതിച്ചെന്നും സംഘടന പറഞ്ഞു.

460,000ല്‍ അധികം ആളുകളാണ് ബ്രസീലില്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇതിനിടയില്‍ ബ്രസീല്‍ പ്രസിഡന്റ് കോവിഡ് നിയന്ത്രണങ്ങളെ വെല്ലുവിളിക്കുകയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here