മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ്. ഇന്ത്യയെ ഏത് മൈതാനത്തും പോരാടാനും ചെറുത്തുനിന്ന് ജയിക്കാനും മുന്നില്‍ നിന്ന് നയിച്ച ഗാംഗുലിയെ ദാദയെന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. ഐസിസി ട്രോഫികളുടെ എണ്ണത്തില്‍ ധോണിയേക്കാളും പിന്നിലാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്ഥാനമാണ് സൗരവ് ഗാംഗുലിക്കുള്ളത്.

ഇപ്പോഴിതാ ക്രിക്കറ്റിനെ ഗാംഗുലിയോളം തീക്ഷ്ണമായി ഇഷ്‌പ്പെട്ട മറ്റൊരു താരവും ഉണ്ടാകില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പുതിയ സിഎഇ നിക്ക് ഹോക്ക്‌ലി. ഗ്രേഡ് ക്രിക്കറ്റേഴ്‌സ് യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘സൗരവ് ഗാംഗുലി മഹാനാണ്.വളരെ എളിമയുള്ള വ്യക്തിത്വമാണ്.ക്രിക്കറ്റിനെ ഗാംഗുലിയെപ്പോലെ തീക്ഷ്ണമായി സ്‌നേഹിച്ച മറ്റാരും ഉണ്ടാകില്ല. അദ്ദേഹവുമായി ഇടപഴകാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഇന്ത്യയുടെ വനിതാ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു’-നിക്ക് പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്ബര നേടിയത് അവരെ സംബന്ധിച്ച്‌ വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. വളരെ മനുഷ്യത്വം കാത്തുസുക്ഷിക്കുന്നവരാണവര്‍. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി ഇനിയും ഒരുപാട് ഒന്നിച്ച്‌ പ്രവര്‍ത്തിക്കേണ്ടതാണ്. നിലവില്‍ കോവിഡിന്റെ പ്രയാസങ്ങള്‍ എല്ലാവരും നേരിടുന്നുണ്ട്. അല്ലാത്തപ്പോള്‍ രണ്ട് ആഴ്ചയിലൊരിക്കലെങ്കിലും ബിസിസി ഐ വൃത്തങ്ങളുമായി ബന്ധപ്പെടാറുണ്ട്. ബിസിസിഐയുമായി അടുത്ത ബന്ധമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കാത്ത് സൂക്ഷിക്കുന്നതെന്നും നിക്ക് ഹോക്ക്‌ലി പറഞ്ഞു.

2020ലാണ് കെവിന്‍ റോബെര്‍ട്ട്‌സിന്റെ പകരക്കാരനായി നിക്ക് ഹോക്ക്‌ലി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തലവനായത്. ഓസ്‌ട്രേലിയയെ സംബന്ധിച്ച്‌ നിലവില്‍ വളരെ പ്രതിസന്ധികള്‍ നേരിടുന്ന സമയമാണ്. ഇന്ത്യയോട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തോറ്റത് ഓസ്‌ട്രേലിയക്ക് വലിയ നാണക്കേടാണ്. ഈ പരമ്ബരയില്‍ ഓസീസിന്റെ കുത്തകയായ ഗാബയിലും തോല്‍ക്കേണ്ടി വന്നത് നാണക്കേട് ഇരട്ടിയാക്കി. ഇനി ആഷസാണ് ഓസ്‌ട്രേലിയക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനിടെ ടി20 ലോകകപ്പും നടക്കാനുണ്ട്.

സൗരവ് ഗാംഗുലി ബിസിസി ഐയുടെ തലപ്പത്തെത്തിയ ശേഷം മികച്ച രീതിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ വളര്‍ത്തുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പ്രവര്‍ത്തനം സജീവമാക്കിയതോടെ യുവതാരങ്ങള്‍ക്കടക്കം മികച്ച പരിശീലനം ലഭിച്ച്‌ വളര്‍ന്നുവരാന്‍ സാധിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിലവില്‍ ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here