യുഎഇയില്‍ പാസ്‌പോര്‍ട്ടുകള്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കുമായുള്ള പുതിയ ഡിസൈനുകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. യുഎഇയുടെ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അബുദാബിയിലെ അല്‍ വതന്‍ കൊട്ടാരത്തില്‍ ഞായറാഴ്ചയാണ് മന്ത്രിസഭാ യോഗം നടന്നത്.

പുതിയ ഡിസൈന്‍ കൂടുതല്‍ സുരക്ഷിതവും പുതിയ സ്മാര്‍ട്ട് ഡിജിറ്റല്‍ സവിശേഷതകളുള്ളതുമാണെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചു. നിലവിലുള്ള പാസ്‌പോര്‍ട്ടുകളും ഐഡി കാര്‍ഡുകളും ക്രമേണ മാറ്റി പകരം പുതിയത് നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സൈബര്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി നയങ്ങളും നിയമനിര്‍മ്മാണങ്ങളും തയ്യാറാക്കുന്നതിനായി സൈബര്‍ സുരക്ഷാ കൗണ്‍സില്‍ സ്ഥാപിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.

പ്രകൃതി പരിസ്ഥിതി, വായുവിന്റെ ഗുണനിലവാരം, കാര്‍ഷിക, മൃഗ ഉല്‍പാദനത്തിന്റെ സുസ്ഥിരത, മാലിന്യങ്ങളുടെയും രാസവസ്തുക്കളുടെയും മികച്ച പരിപാലനം എന്നിവയില്‍ മുന്‍ഗണനകള്‍ ഉള്‍പ്പെടുത്തി യുഎഇയിലെ പരിസ്ഥിതിക്കായി മന്ത്രിസഭ ഒരു പൊതുനയം സ്വീകരിച്ചു.

മാധ്യമ മേഖലയിലെ എല്ലാ വിദഗ്ധരും ഉള്‍പ്പെടുന്ന ഒരു ദേശീയ മാധ്യമ സംഘം രൂപീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. “എമിറാത്തി മാധ്യമങ്ങളുടെ വികസനത്തിനായി അവരുടെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് ലക്ഷ്യം,” എന്ന് ഇത് സംബന്ധിച്ച്‌ ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here