അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി മകൻ ചാൾസ് മൂന്നാമൻ ബ്രിട്ടന്‍റെ പുതിയ രാജാവായി അധികാരമേറ്റു. ഇന്ത്യൻ സമയം ഉച്ചക്കുശേഷം 2.30ന് സെന്റ് ജയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരും കാന്റർബറി ആർച്ച്ബിഷപ്പും അടങ്ങുന്ന അക്സഷൻ കൗൺസിൽ അംഗങ്ങൾ രാജാവായി ചാൾസ് മൂന്നാമനെ പ്രഖ്യാപിച്ചു.

പുതിയ രാജാവിനെക്കുറിച്ചുള്ള വിളംബരം കൊട്ടാരത്തിന്റെ ഫ്രിയറി കോർട്ട് ബാൽക്കണിയിൽനിന്ന് ഉടനുണ്ടാകും. രാജ്ഞിയുടെ സംസ്കാരത്തിന്റെ സമയക്രമം രാജാവാണ് പ്രഖ്യാപിക്കുക. വെള്ളിയാഴ്ച ചാൾസ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പുതിയ ഉത്തരവാദിത്തങ്ങൾ വരുന്നതോടുകൂടി തന്റെ ജീവിതവും മാറുമെന്ന് ചാൾസ് ഉറപ്പുനൽകി. ജനത്തെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവച്ചയാളായിരുന്നു അമ്മ എലിസബത്ത് രാജ്ഞിയെന്ന് ചാൾസ് മൂന്നാമൻ പറഞ്ഞു.

അതേസമയം, രാജ്ഞിയുടെ സംസ്കാരച്ചടങ്ങ് 19നാണെന്നാണ് റിപോർട്ടുകൾ. രാജ്യത്തെ പ്രധാന ചർച്ചുകളിലെല്ലാം രാജ്ഞിക്ക് ആദരമർപ്പിച്ചു. ഈ മാസം എട്ടിനായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. ഏറ്റവും ദീർഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂർവനേട്ടത്തിനുടമയാണ് എലിസബത്ത്.‌ സ്‌കോട്ട്‌ലൻഡിലെ ബെൽമോർ കൊട്ടാരത്തിലായിരുന്നു അന്ത്യം.

LEAVE A REPLY

Please enter your comment!
Please enter your name here