ഈ മാസം യു.എന്‍ (ഐക്യരാഷ്ട്ര സംഘടന) മനുഷ്യവകാശ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കയറിപ്പറ്റാന്‍ സാധിച്ചെങ്കിലും ചൈന അത്ര സന്തോഷത്തിലല്ല. തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ചൈനയ്ക്കുണ്ടായിരുന്ന പിന്തുണ കുത്തനെ താഴ്ന്നിരിക്കുകയാണ്. വെറും 139 വോട്ടുകള്‍ മാത്രമാണ് 47 അംഗ മനുഷ്യാവകാശ കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചൈനയ്ക്ക് ലഭിച്ചത്. 15 രാജ്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും കുറഞ്ഞ വോട്ടുകളോടെ കയറിക്കൂടിയത് ചൈനയാണ്. 2016 തിരഞ്ഞെടുപ്പില്‍ പിന്തുണച്ച ഐക്യരാഷ്ട്ര സംഘടനയിലെ 41 അംഗ രാജ്യങ്ങള്‍ ഇത്തവണ ചൈനയെ കൈയ്യൊഴിഞ്ഞു.

2016ല്‍ 180, 2013ല്‍ 167 എന്നിങ്ങനെയായിരുന്നു മനുഷ്യാവകാശ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചൈനയ്ക്ക് ലഭിച്ചത്. ഇത് അഞ്ചാം തവണയാണ് ചൈന കൗണ്‍സിലില്‍ എത്തുന്നത്. ഏകാധിപതികളെ പോലെ പ്രവര്‍ത്തിക്കുന്ന ചൈനീസ് ഭരണകൂടത്തെ മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗമാക്കുന്നത് വെറും വിരോധാഭാസമാണെന്നാണ് മിക്ക അംഗരാജ്യങ്ങളുടെയും അഭിപ്രായം. ഷിംഗ്‌ജിയാംഗ്, ഹോങ്കോംഗ്, ടിബറ്റ് മേഖലകളില്‍ ചൈന നടത്തുന്ന കൈകടത്തലുകളില്‍ അംഗരാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ 14ന് നടന്ന തിരഞ്ഞെടുപ്പിനിടെയിലും ചൈനയ്ക്കെതിരെ ജര്‍മനി ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയുടെ പ്രകോപനപരമായ നയതന്ത്രതീരുമാനങ്ങളാണ് അന്താരാഷ്ട്രതലത്തില്‍ തിരിച്ചടിയ്ക്ക് കാരണമാക്കിയതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അയല്‍രാജ്യങ്ങളെ വരെ എതിരാളികളാക്കിയതും എതിരാളികള്‍ ഒറ്റക്കെട്ടായി ചൈനയ്ക്കെതിരെ തിരിഞ്ഞതും വിനയായി.

ഇന്ത്യയില്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പുറമേ തായ്‌വാന് മുകളിലൂടെ മിലിട്ടറി വിമാനങ്ങള്‍ പറത്തിയും ഹോങ്കോങ്ങില്‍ അടിച്ചമര്‍ത്തലുകള്‍ നടത്തിയും പ്രകോപനം സൃഷ്ടിച്ച ചൈന, യു.എസിനും ഓസ്ട്രേലിയയ്ക്കും നേരെ വ്യാപാര യുദ്ധം അഴിച്ചുവിടുകയും കാനേഡിയന്‍ സര്‍ക്കാരുമായും ഉരസുകയും ചെയ്തു. ഇതിനെല്ലാം പുറമേ ലോകത്തെ പ്രധാന ക്രൂഡ് ഓയില്‍ വ്യാപാരപാതയായ തെക്കന്‍ ചൈന കടലിലിനേയും തങ്ങളുടെ അധീനതയിലാക്കാന്‍ ശ്രമിച്ചു. ഇതെല്ലാം അന്താരാഷ്ട്രതലത്തില്‍ ചൈനീസ് ഭരണകൂടം ഒറ്റപ്പെടാന്‍ കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here