കലിതുള്ളിയ കർക്കടകം പടിയിറങ്ങിയതോടെ ഓർമകളുടെ പൂക്കാലവുമായി ഓണത്തുമ്പികളെത്തുന്ന പൊന്നിൻ ചിങ്ങം പിറന്നു. പരീക്ഷണങ്ങളുടെ പെരുമഴക്കാലം കടന്നു പ്രതീക്ഷയുടെ പൊൻവെയിൽ തെളിയുന്ന ആശ്വാസത്തിലാണു പ്രവാസികൾ. കണ്ണീരും കഷ്ടപ്പാടും സമ്മാനിച്ച നാളുകൾക്കു ശേഷം മലയാളക്കരയുടെ പുതുവർഷമെത്തുമ്പോൾ ഇത്തവണ മറുനാട് ആഘോഷ സമൃദ്ധിയിലേക്ക്.

കോവിഡിനു ശേഷം പൊന്നോണം പൊടിപൂരമാക്കുന്നതിന്റെ കേളികൊട്ട് മുറുകിയതോടെ പ്രതാപ നാളുകൾ മടങ്ങിയെത്തുമെന്നു കൊച്ചുകേരളത്തിനും പ്രതീക്ഷിക്കാം. നഷ്ടങ്ങളും നിയന്ത്രണങ്ങളും നിരാശയുമില്ലാത്ത പുതുവർഷത്തിൽ ഏവരും തിരിച്ചറിവുകൾ നൽകുന്ന ആത്മവിശ്വാസത്തിൽ. എല്ലാമൊരു ദുഃസ്വപ്നമെന്നു കരുതാൻ പഠിച്ചവരുടെ മുഖത്ത് കോവിഡ് ആശങ്കകൾ ഇല്ലേയില്ല. യാത്രാ നിരോധനങ്ങൾ ഇല്ലാതാകുകയും പരിശോധനകളുടെ കാഠിന്യം കുറയുകയും ചെയ്തതോടെ ലോകത്തിന്റെ സ്വപ്നനഗരം സുവർണശോഭയിൽ.

എക്സ്പോയിൽ തുടങ്ങിയ സന്ദർശക പ്രവാഹം തുടരുന്നതിനാൽ ഉല്ലാസ കേന്ദ്രങ്ങളിലും മാളുകളിലും വൻ തിരക്കനുഭവപ്പെടുന്നു. പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്കു മടങ്ങിയ പല കുടുംബങ്ങളും മടങ്ങിയെത്തി. ഓഫിസുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചതോടെ തൊഴിലവസരങ്ങൾ കൂടി. കോവിഡ് കാലത്ത് ഒഴിവാക്കിയ പല ജീവനക്കാരെയും സ്ഥാപനങ്ങൾ തിരികെ പ്രവേശിപ്പിക്കുകയും ചെയ്തു.

ചിങ്ങം പിറക്കും മുൻപേ നാടൻ പച്ചക്കറികളുടെ സമൃദ്ധിയിലാണ് വിപണി. ഓണക്കോടിയും എത്തിത്തുടങ്ങിയെന്ന് കടയുടമകൾ പറയുന്നു. ഓഫറുകളും പ്രഖ്യാപിച്ചു തുടങ്ങി. ഓർമകളുടെ വസന്തശോഭയുള്ള ഗൾഫോണം ഇത്തവണ ക്രിസ്മസ് വരെയുണ്ടാകുമെന്ന് ഉറപ്പിക്കാം. മാവേലിയും ക്രിസ്മസ് അപ്പൂപ്പനും ഒരുമിച്ചെത്തുന്ന ഏക സ്ഥലമാണ് ഗൾഫ്.

‘മാവേലിമാരുടെ’ പ്രതാപകാലം

ഗൾഫിൽ ‘മാവേലി’മാരുടെ പ്രതാപകാലമാണ് മടങ്ങിവരുന്നത്. മലയാളികളെക്കാൾ മറുനാട്ടുകാർക്കാണ് കക്ഷിയെ പ്രിയം. ലക്ഷണമൊത്ത കുടവയറുള്ള മാവേലിയാണു സംഘടനകളുടെ ഓണാഘോഷത്തിന്റെ ബലം. രാവിലത്തെ തിരുവാതിര മുതലുള്ള കലാപരിപാടികളിൽ നിറഞ്ഞുനിൽക്കുന്ന ഏക പ്രമാണിയും മാവേലി തന്നെ. ഘോഷയാത്ര, ചെണ്ടമേളം, സംഗീത-നൃത്ത പരിപാടികൾ, 30-40 വിഭവങ്ങളുള്ള സദ്യ എന്നിവയെല്ലാം ഇത്തവണ പ്രതീക്ഷിക്കാം.

നാട്ടിൽ നിന്നു പ്രമുഖ പാചകക്കാരെ വരുത്തിയാണ് പല സംഘടനകളും മത്സരിച്ച് ഓണസദ്യ ഒരുക്കിയിരുന്നത്. ഹോട്ടലുകാരും ഇക്കാര്യത്തിൽ മത്സരിച്ചിരുന്നു. പാചകവിദഗ്ധരുടെ ശുക്രദശയും തെളിയുകയാണ്. പ്രമുഖ സംഘടനകളെല്ലാം ഓണാഘോഷത്തെകുറിച്ച് ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.

തിരിച്ചറിവുകളുടെ കഴിഞ്ഞകാലം

മറുനാട് കനിഞ്ഞാലേ സ്വന്തം നാടിന്റെ വയറും മനസ്സും നിറയൂ എന്നു തിരിച്ചറിഞ്ഞവരാണ് പ്രവാസികൾ. കോവിഡ് കാലം അതു നന്നായി പഠിപ്പിക്കുകയും ചെയ്തു. ജോലി പോയതോടെ ബാങ്ക് വായ്പ അടയ്ക്കാൻ പോലുമാകാതെ കഷ്ടപ്പെട്ടവരും കുടുംബത്തെ നാട്ടിലാക്കി താമസം ബെഡ് സ്പേസിലേക്കു മാറിയവരും ഏറെയാണ്.

മടങ്ങേണ്ടി വന്നവർക്ക് നാടിന്റെ ‘തനിനിറം’ നന്നായി ബോധ്യപ്പെട്ടിരുന്നു. ചെറുസംരംഭങ്ങൾ തുടങ്ങാനുള്ള കടമ്പകൾ പലരെയും അമ്പരപ്പിച്ചു. മാസങ്ങളോളം നാട്ടിൽ കുടുങ്ങിയപ്പോൾ ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് ജീവിക്കേണ്ടി വന്നവരുമേറെ. ഗൾഫിലും നാട്ടിലും ജീവിതം അവസാനിപ്പിച്ചവരും കുറവല്ല. ഗൾഫിലല്ല, നാട്ടിലാണ് ഏറ്റവും വലിയ ഒറ്റപ്പെടൽ എന്നു തിരിച്ചറിഞ്ഞവരാണേറെയും.

ഗൾഫിലേക്കുള്ള മടങ്ങിവരവ് കാഴ്ചപ്പാടിലും ജീവിതരീതികളും മാറ്റം വരുത്തി. ക്ഷണത്തിലും മറ്റു ചെലവുകളിലുമുള്ള ആർഭാടം ഒഴിവാക്കാൻ പലരും ശീലിച്ചു. ഭക്ഷണസാധനങ്ങൾ റഫ്രിജറേറ്ററിൽ ദിവസങ്ങളോളം സൂക്ഷിച്ചു വച്ചശേഷം കളയുന്ന ശീലവും ഒഴിവായി. സമ്പാദ്യശീലത്തിന്റെ പ്രാധാന്യം പുതിയ തലമുറയിലുള്ളവരും തിരിച്ചറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here