രാജ്യത്ത് കോവാക്സിന്‍റെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന്‍റെ ഹൈദരാബാദ് കാമ്ബസിന്‍റെ സുരക്ഷാ ചുമതല ജൂണ്‍ 14 മുതല്‍ സി.ഐ.എസ്.എഫ് ഏറ്റെടുക്കും. ഹൈദരാബാദിലെ ഷമീര്‍പേട്ടിലെ ജിനോം വാലിയില്‍ സ്ഥിതി ചെയ്യുന്ന കമ്ബനിയുടെ രജിസ്റ്റര്‍ ചെയ്ത ഓഫീസിനും പ്ലാന്‍റിനും സി.‌ഐ‌.എസ്‌.എഫിന്‍റെ 64 അംഗ സംഘം സുരക്ഷ സജ്ജമാക്കും.

ഏകദേശം ഒരു മാസം മുമ്ബാണ് സുരക്ഷ ആവശ്യപ്പെട്ട് ഭാരത് ബയോടെക് സി.ഐ.എസ്.എഫിനെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും സമീപിച്ചത്. അപേക്ഷയില്‍ വിശദ പരിശോധന നടത്തിയ ശേഷമാണ് സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചത്. സേനയുടെ ചെലവ് ഭാരത് ബയോടെക് വഹിക്കും.

രാജ്യത്തിന്‍റെ മെഡിക്കല്‍, ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താന്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് തീവ്രവാദ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സി.ഐ.എസ്.എഫ് സുരക്ഷ അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതെ സമയം നേരത്തെ, കോവിഷീല്‍ഡിന്‍റെ നിര്‍മാതാക്കളായ പൂനെ സെറം ഇന്‍സ്​റ്റിറ്റ്യൂട്ട്​ സി.ഇ.ഒ അദര്‍ പൂനവാലക്ക് സി.ആര്‍.പി.എഫിന്‍റെ​ വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രo തീരുമാനിച്ചിരുന്നു. കോവിഷീല്‍ഡിന്‍റെ വില വര്‍ധനവിനെതിരെ​ വന്‍ പ്രതിഷേധമുയര്‍ന്നതോടെ​ വാക്​സിന്‍​ സംസ്​ഥാനങ്ങള്‍ക്ക്​ ഡോസിന്​ 300 രൂപക്ക്​ നല്‍കാമെന്ന്​ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​ അറിയിച്ചതിന്​ പിന്നാലെയാണ് വൈ കാറ്റഗറി സുരക്ഷയുടെ വാര്‍ത്ത പുറത്ത്​ വരുന്നത്.

ഇതിന് പിന്നാലെ പൂനെവാലക്കും കുടുംബത്തിനും സ്ഥാപനങ്ങള്‍ക്കും ഇസഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ദത്ത മാന്‍ മുംബൈ ഹൈകോടതിയെ സമീപിച്ചിരുന്നു. കോവിഡ് വാക്സിന്‍ ആവശ്യപ്പെട്ട് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്ന് വ്യക്തമാക്കിയ അദാര്‍ പൂനെവാല, ഇന്ത്യ വിട്ട് ലണ്ടനിലേക്ക് ചേക്കേറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here