കാറുകളോ തിരക്കുപിടിച്ച റോഡുകളോ ഇല്ലാത്ത കാര്‍ബണ്‍ രഹിതവും പരിസ്ഥിതി സൗഹൃദവുമായ നഗരം നിയോമില്‍ ഒരുക്കുമെന്ന് സൗദി കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. 170 കിലോമീറ്റര്‍ നീളമുള്ള പത്തുലക്ഷം പേര്‍ക്ക് വസിക്കാന്‍ കഴിയുന്ന ‘ദി ലൈന്‍’ എന്ന പേരിലുള്ള ഈ നഗരം ഭാവിയില്‍ നഗര സമൂഹങ്ങള്‍ എങ്ങനെയായിരിക്കാമെന്നതിന്റെ മികച്ച മാതൃകയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 95 ശതമാനം പ്രകൃതിയെയും സംരക്ഷിക്കുന്നതും പ്രകൃതിയോടൊപ്പം ജീവിക്കാന്‍ കഴിയുന്നതുമായിരിക്കും. ശബ്ദമോ മലിനീകരണം, വാഹനങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തില്‍ നിന്നുമുള്‍പ്പെടെ മുക്തമാകുന്ന തീതിയിലാണ് ഈ നഗര പദ്ധതി.

രാജ്യത്തിന്റെ സമഗ്ര സാമൂഹിക സാമ്പത്തിക സാംസ്‌കാരിക പരിവര്‍ത്തന വികസന കാഴ്ചപ്പാടായ ‘വിഷന്‍ 2030’ന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതായിരിക്കും ഈ നഗര പദ്ധതിയെന്ന് നിയോം കമ്ബനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ കിരീടവകാശി വ്യക്തമാക്കി. വ്യത്യസ്ത മേഖലകളിലായി 3,380,000 തൊഴിലവസരങ്ങള്‍ ഈ പദ്ധതിയിലൂടെ സൃഷ്ടിക്കാനാവും. ആഭ്യന്തര ഉല്‍പാദന രംഗത്ത് 180 ശതകോടി റിയാലിന്റെ സംഭാവനകളുണ്ടാകുമെന്നും കിരീടാവകാശി പറഞ്ഞു. 2050 ആകുമ്പോഴേക്കും പട്ടണങ്ങളില്‍ താമസിക്കുന്നവരുടെ എണ്ണം ഇരട്ടിയാകും.

ദി ലൈന്‍ നഗരം നഗരവികസനത്തെ പുനര്‍നിര്‍വചിക്കും. ജീവിത നിലവാരം ഉയര്‍ത്തും. അഞ്ച് മിനിറ്റ് നടത്തത്തിനിടയില്‍ മെഡിക്കല്‍ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, വിനോദ സ്ഥാപനങള്‍, ഹരിത ഇടങ്ങള്‍ എന്നിവിടങ്ങളിലെത്താന്‍ കഴിയും. യാത്രക്ക് ഏറ്റവും അതിവേഗ മാര്‍ഗങ്ങളുണ്ടാകും. ഏറ്റവും വിദൂര യാത്ര 20 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ. നഗരത്തിലെ ആളുകളുടെ അഭൂതപൂര്‍വമായ കഴിവുകള്‍ മുന്‍കൂട്ടി അറിയാനും അവരുമായി ഇടപഴകാനും പ്രാപ്തരാക്കുന്ന ആശയവിനിമയ സംവിധാനങ്ങളുണ്ടാകും. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയെ ഉപയോഗപ്പെടുത്തും. ആളുകള്‍ വെര്‍ച്വല്‍ സംവിധാനത്തിലുടെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വിധം എല്ലാം ആധുനികോത്തരമാകുമെന്നും കിരീടാവകാശി പറഞ്ഞു. 2021 ആദ്യ പാദത്തില്‍ ദി ലൈന്‍ പദ്ധതി ആരംഭിക്കും. 500 ബില്യൺ ഡോളറിന്റെ നിയോം പദ്ധതിയുടെ ഭാഗമാണിത്. നിയോമില്‍ നടന്നുകൊണ്ടിരിക്കുന്ന വലിയ വികസനത്തിന്റെ സുപ്രധാന ഭാഗമാണിതെന്നും കിരീടാവകാശി പറഞ്ഞു. 100 ശതമാനം ശുദ്ധമായ ഊര്‍ജത്തെയായിരിക്കും ആശ്രയിക്കുക. നഗരവത്കരണത്തിന്റെ വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ലോകമെമ്ബാടുമുള്ള വിദഗ്ധരുമായി നിയോം സഹകരിച്ചു പ്രവര്‍ത്തിക്കും.

അതേസമയം വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ പുറംതള്ളലും സമുദ്ര ജലം ഉയരലും കാരണം ശതകോടി ജനങ്ങള്‍ പട്ടണം വിടുമെന്നും കിരീടാവകാശി പറഞ്ഞു. മലിനീകരണം മൂലം പ്രതിവര്‍ഷം ഏഴ് ദശലക്ഷം ആളുകള്‍ മരിക്കുന്നു. വാഹനാപകട മരണത്തില്‍ പ്രതിവര്‍ഷം ഒരു ദശലക്ഷം ആളുകള്‍ നമുക്ക് നഷ്ടപ്പെടുകയാണ്. ഇതെല്ലാം എന്തുകൊണ്ടാണെന്നും കിരീടാവകാശി ചോദിച്ചു.

അതേസമയം ഈ നഗരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളവും ഉള്‍പ്പെടുമെന്ന് നിയോം ചീഫ് എക്സിക്യൂട്ടീവ് നദ്മി അല്‍ നസര്‍ അല്‍ അറേബ്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here