യുഎഇ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. എക്സ്പോ വേദിയിലായിരുന്നു കൂടിക്കാഴ്ച. ഷെയ്ഖ് മുഹമ്മദ് മുഖ്യമന്ത്രിക്ക് എക്സ്പോയുടെ കാഴ്ചകൾ വിവരിച്ചു. മുഖ്യമന്ത്രി അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു.

അബുദാബിയിലായിരുന്ന മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കായി രാവിലെ അവിടെ നിന്ന് ദുബായിലെത്തുകയായിരുന്നു. തിരികെ അദ്ദേഹം അബുദാബിയിലേക്കു മടങ്ങി. ഇന്നു രാത്രിയിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം നാളെ തിരികെ ദുബായിലെത്തും. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി.രാജീവ്, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി. കെ-ബിപ് സിഇഒ സൂരജ് നായർ തുടങ്ങിയവരും ഉണ്ടായിരുന്നു.

നാലിന് വൈകിട്ട് അഞ്ചിനാണ് ദുബായ് എക്സ്പോയിലെ കേരള പവിലിയൻ ഉദ്ഘാടനം. അഞ്ചിന് രാവിലെ പതിനൊന്നിന് ഒബ്റോയ് ഹോട്ടലിൽ വ്യവസായ പ്രമുഖരുടെയും മറ്റും ബിസിനസ് മീറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് അൽ നാസർ ലെഷർലാൻഡിൽ സമ്മേളനവും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here