യുഎഇയിൽ കോവിഡ് നിയമങ്ങൾ ലംഘിച്ചതിനുള്ള പിഴ പുനഃപരിശോധിക്കാൻ 12 പരിഹാര സമിതികളുണ്ടെന്ന് അടിയന്തര ദുരന്ത നിവാരണ വകുപ്പ് പ്രോസിക്യൂഷൻ ആക്റ്റിങ് ഡയറക്ടർ സാലിം അലി അസ്സആബി അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷനിലെ 60 അംഗങ്ങൾ ഉൾപ്പെടുന്ന സമിതികളാണ് കോവിഡ് നിയമലംഘനവുമായി ബന്ധപ്പെട്ട പരാതികളിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നത്.

യുഎഇ യിലെ എല്ലാ എമിറേറ്റുകളിലും പരാതി പരിഹരിക്കാനുള്ള സമിതികൾ നിലവിലുണ്ട്. അകാരണമായി ചുമത്തിയതാണ് പിഴയെന്ന് ബോധ്യപ്പെട്ടാൽ സമിതി പിഴ റദ്ദാക്കും. പിഴ സംഖ്യ കുറയ്ക്കേണ്ട കേസുകളാണെങ്കിൽ ഇളവു നൽകുകയും ചെയ്യും. പരാതി നിരസിക്കേണ്ടതാണെങ്കിൽ അതിനുള അധികാരവും നിയമവിദഗ്ധരടങ്ങിയ സമിതികൾക്കുണ്ട്. പബ്ലിക് പ്രോസിക്യൂഷന്റെ ഒരു ഭാഗമായാണ് ഈ നിയമ സമിതികൾ നിലകൊള്ളുന്നതെന്നും അസ്സആബി വ്യക്തമാക്കി.

പിഴ ചുമത്താൻ സമിതികൾക്ക് സാധിക്കില്ല. പകരം ബന്ധപ്പെട്ട കേന്ദ്രങ്ങൾ ചുമത്തിയ പിഴ സംബന്ധിച്ച കേസുകളിലെ പരാതികൾ പരിഹരിക്കുകയാണ് ചെയ്യുന്നത്. പരാതിക്കാരുടെ പ്രശ്നങ്ങൾ, പിഴ ചുമത്താൻ ഇടയാക്കിയ സാഹചര്യം എന്നിവ മനസ്സിലാക്കി പരിഹാരങ്ങൾ നിർദേശിക്കും. കോവിഡുമായിബന്ധപ്പെട്ട് യു എ ഇ മന്ത്രിസഭ പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്ക് അനുക്രമമാണോ പിഴശിക്ഷയെന്ന കാര്യമാണ് സമിതികൾ പ്രധാനമായും പരിശോധിക്കുക.

പരാതിപ്പെടാനുള്ള മാർഗങ്ങൾ ലളിതം

കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാത്തതിനു പൊതു ജനങ്ങൾക്ക് ലഭിച്ച പിഴശിക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സ്മാർട് സംവിധാനമുണ്ട്. പബ്ലിക് പ്രോസിക്യൂഷന്റെ www.pp.gov.ae വെബ്സൈറ്റിലൂടെ പരാതികൾ സമർപ്പിക്കാം. വ്യക്തിപരമായ വിവരങ്ങളും നിയമലംഘനത്തിന്റെ വിശദാംശങ്ങളും കാരണങ്ങളും പരാതികളിൽ കാണിക്കണം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ പബ്ലിക് പ്രോസിക്യൂഷന്റെ 80099999 നമ്പറിലും ബന്ധപ്പെടാം.

വിവരങ്ങൾ അപൂർണവും അവ്യക്തവുമായാൽ പരാതികൾ പരിഹരിക്കുന്നതിനു കാലതാമസം വരുത്തുമെന്ന കാര്യം അദ്ദേഹം ഓർമിപ്പിച്ചു. രേഖപ്പെടുത്തപ്പെട്ട നിയമ ലംഘനത്തിന്റെ നമ്പർ, വാഹനത്തിന്റെ നമ്പർ, അകാരണമായ പിഴയാണെന്ന് അധികൃതരെ ബോധ്യപ്പെടുത്താൻ ഉതകുന്ന രേഖകളുടെ അഭാവം എന്നിവ പരാതികളുടെ പരിഹാരത്തിനു തടസ്സമാകും.

പുറത്തിറങ്ങുന്നതിനു വിലക്കുള്ള അണു നശീകരണ യജ്ഞ സമയത്ത് ലഭിച്ച പിഴയാണെങ്കിൽ അപേക്ഷകളിൽ കൂടുതൽ വ്യക്തത വേണ്ടി വരും. മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയ നേരത്ത് ലഭിച്ച പിഴയാണെങ്കിൽ മരുന്നു വാങ്ങിയ ബിൽ പരാതിയോടൊപ്പം നൽകണം. അല്ലെങ്കിൽ പുറത്തിറങ്ങാൻ പൊലീസിൽ നിന്ന് ലഭിച്ച പെർമിറ്റിന്റെ പകർപ്പ് വേണം.

കോവിഡ് പ്രതിരോധിക്കാൻ പൊതു സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കണമെന്നത് യു എ ഇ ആരോഗ്യ മന്ത്രാലയം നിർദേശിച്ചതാണ്. ഇതു പാലിക്കാത്തവർക്ക് പബ്ലിക് പ്രോസിക്യൂഷൻ 500 ദിർഹം മുതൽ അര ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഇതിനു പുറമേ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അനുബന്ധ ശിക്ഷയുമുണ്ടാകും. നിയമലംഘനം ആവർത്തിക്കുന്നതു ശിക്ഷ ഇരട്ടിക്കാനും ഇടയാക്കുമെന്ന് സാലിം അസ്സആബി സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here