നടപടിക്രമങ്ങൾ ലളിതവും സുതാര്യവുമാക്കിയ ഹംറിയ ഫ്രീസോണിലേക്ക് കൂടുതൽ ഇന്ത്യൻ കമ്പനികൾ. കഴിഞ്ഞവർഷം ഇന്ത്യ, യുഎസ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് 9 പ്രമുഖ കമ്പനികളെത്തി. 27.1 കോടി ദിർഹത്തിന്റെ നിക്ഷേപം നടത്തിയ ഇവ 8.5 ലക്ഷം ചതുരശ്രയടി സ്ഥലത്ത് വെയർഹൗസുകളും മറ്റുമൊരുക്കി.

റജിസ്റ്റർ ചെയ്ത 6,500ൽ ഏറെ കമ്പനികളിൽ 30 ശതമാനത്തിലേറെ ഇന്ത്യൻ കമ്പനികളാണ്. ഭക്ഷ്യ സംസ്കരണത്തിനു പുറമേ ഐടി, ബിസിനസ്, മാർക്കറ്റിങ്, ഇ-കൊമേഴ്സ് കൺസൽറ്റൻസികൾ, ‘സ്മാർട്’ കെട്ടിട നിർമാണ കമ്പനികൾ എന്നിവയും കടന്നുവന്നതോടെ ഒട്ടേറെ തൊഴിലവസരങ്ങളൊരുങ്ങുമെന്നാണു പ്രതീക്ഷ. എണ്ണ-അനുബന്ധ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യൻ കമ്പനികളുടെ പ്രതിനിധ്യം കൂടി.

മാർച്ചിൽ ഇന്ത്യൻ കമ്പനിയായ എടിഎസ് ടെർമിനൽസ് മൂന്നാംഘട്ട വികസനപദ്ധതി പൂർത്തിയാക്കി. പെട്രോളിയം ഉൽപന്നങ്ങളും രാസവസ്തുക്കളും മറ്റും സൂക്ഷിക്കാനുള്ള സംഭരണികളുടെ ശേഷി ഇരട്ടിയോളമാക്കി. വിതരണ സംവിധാനങ്ങൾ വിപുലമാക്കുകയും ചെയ്തു. ലൂബ്രിക്കന്റ് നിർമാതാക്കളായ സിദ്ധാർഥ് ഗ്രീസ് ആൻഡ് ലൂബ്സ് മധ്യപൂർവദേശത്തെ ആദ്യ പ്ലാന്റ് ആരംഭിച്ചു.

ആദ്യഘട്ടത്തിൽ 5 കോടി ദിർഹത്തിന്റെ നിക്ഷേപം നടത്തിയ കമ്പനി കൂടുതൽ പദ്ധതികൾക്ക് ഒരുങ്ങുകയാണ്. 1.35 ലക്ഷം ചതുരശ്രയടി സ്ഥലത്ത് സംഭരണികളും വെയർഹൗസുകളുമുണ്ടാകും. ലോകത്തെ പ്രമുഖ സ്റ്റീൽ നിർമാതാക്കളായ ആർസലർമിത്തൽ ഗ്രൂപ്പ് ഒക്ടോബറിൽ ആദ്യഘട്ടത്തിൽ 6 കോടി ദിർഹത്തിന്റെ നിക്ഷേപം നടത്തി. അടുത്ത ഘട്ടത്തിൽ 3 കോടിയുടെ പദ്ധതികൾ കൂടി നടപ്പാക്കും.

ട്രാൻസ്ഫോമറുകളിലും വാഹനങ്ങളിലും ഉപയോഗിക്കാനുള്ള ലൂബ്രിക്കന്റുകൾ, ഹൈഡ്രോളിക് ലിക്വിഡ്, എണ്ണ, റബർ സംസ്കരണത്തിനുള്ള രാസവസ്തുക്കൾ, മെഡിക്കൽ ഉൽപന്നങ്ങൾ തുടങ്ങിയവ നിർമിക്കുന്ന പല ഇന്ത്യൻ കമ്പനികളും ഫ്രീസോണിൽ പ്രവർത്തിക്കുന്നുണ്ട്.

മികച്ച അടിസ്ഥാന സൗകര്യങ്ങൾ, വിവിധ രാജ്യങ്ങളിൽ കുറഞ്ഞ സമയംകൊണ്ട് ഉൽപന്നം എത്തിക്കാനുള്ള സൗകര്യം തുടങ്ങിയവ നിക്ഷേപകരെ ആകർഷിക്കുന്നതായി ഹംറിയ ഫ്രീസോൺ അതോറിറ്റി ഡയറക്ടർ സൌദ് സാലിം അൽ മസ്റൂയി പറഞ്ഞു.

കേരളത്തിനും പ്രതീക്ഷ

കേരളത്തിൽ നിന്നു കൂടുതൽ കമ്പനികൾ എത്തുന്നതുമായി ബന്ധപ്പെട്ട് ഹംറിയ ഫ്രീസോൺ അധികൃതരുമായി ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ) ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. ഷാർജയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തി രാജ്യാന്തര വിപണിയിൽ സാന്നിധ്യമറിയാക്കാൻ എല്ലാസൗകര്യങ്ങളുമൊരുക്കാമെന്ന് ഹംറിയ ഫ്രീസോൺ ഡപ്യൂട്ടി കൊമേഴ്സ്യൽ ഡയറക്ടർ അലി സഈദ് അൽ ജർവാൻ ഉറപ്പുനൽകി.

കേരളത്തിലെ സംരംഭകർക്ക് മറ്റു രാജ്യാന്തര വിപണികളിൽ അവസരങ്ങൾ ലഭിക്കാൻ യുഎഇയിലെ സാന്നിധ്യം സഹായകമാകുമെന്ന് ടിസിസിഐ പ്രസിഡന്റ് രഘുചന്ദ്രൻ നായർ പറഞ്ഞു. വെയർഹൗസ് സൗകര്യങ്ങൾക്കു പുറമേ വിവിധ രാജ്യങ്ങളിൽ ഉൽപന്നങ്ങൾ അതിവേഗമെത്തിക്കാനാകുമെന്നതും ഹംറിയ ഫ്രീസോണിന്റെ പ്രത്യേകതയാണെന്ന് പ്രതിനിധികൾ വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here