കോവിഡിന്റെ ദുരിതകാലത്ത് യുഎഇ യിൽനിന്ന് ഇന്ത്യയിലേക്ക് ചില സംഘടനകൾ സംഘടിപ്പിച്ച ചാർട്ടേഡ് വിമാനങ്ങളെക്കുറിച്ചുള്ള വിവാദം ചൂടുപിടിക്കുന്നു. ഈ സംഘടനകൾ കാരണം ട്രാവൽ ഏജൻസി ബിസിനസ് തകരുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തിയ കെ.എം.സി.സി. യെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു ഈ പ്രചാരണം ഏറെയും.

അതിനിടയിൽ ചില കെ.എം.സി.സി. ഭാരവാഹികൾ കൂടുതൽ തുക ഈടാക്കി ചാർട്ടേഡ് വിമാനങ്ങളിലെ ടിക്കറ്റുകൾ വിറ്റു എന്നും ആക്ഷേപമുയർന്നു. ഇതിന്റെ പേരിൽ ഷാർജ കെ.എം.സി.സിയിലെ ഒരു ഭാരവാഹിയെ സംഘടനയിൽനിന്ന് പുറത്താക്കിയതായി കെ.എം.സി.സി. സമ്മതിക്കുന്നു. പാവപ്പെട്ട നിരവധി പേർക്ക് നാടണയാനുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാർട്ടേർഡ് വിമാനങ്ങൾക്ക് വേണ്ടി കെ.എം.സി.സി. ശ്രമിച്ചതെന്നും അവർ പറയുന്നു.

കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തുക വഴി കെ.എം.സി.സി. പോലുള്ള സംഘടനകൾ ട്രാവൽ ഏജൻസികളെയും അവിടങ്ങളിലെ ജീവനക്കാരെയും പ്രയാസത്തിലേക്ക് തള്ളിവിട്ടു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ വന്ന ആരോപണം. കോവിഡിന്റെ പേരിൽ കൂടുതൽ പേരെ തൊഴിൽ രഹിതരാക്കുകയാണോ കെ.എം.സി.സി ചെയ്യേണ്ടിയിരുന്നതെന്നും സോഷ്യൽ മീഡിയയിൽ ചോദ്യം ഉയർന്നു.

പൊതുമാപ്പ് പോലെ യു. എ.ഇ .സർക്കാർ പ്രഖ്യാപിച്ച ഇപ്പോഴത്തെ ഇളവുകൾ കണക്കിലെടുത്ത് ഇനി നാല് വിമാനങ്ങൾ കൂടി കെ.എം.സി.സി. ചാർട്ടർ ചെയ്യുന്നുണ്ടെന്ന് ദുബായ് കെ.എം.സി.സി. പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ അറിയിച്ചു. ആരെയും പ്രയാസത്തിലാക്കാനായിരുന്നില്ല, ദുരിതത്തിലായ പ്രവാസികളെ സഹായിക്കാനാണ് ഒരു നിർണായക ഘട്ടത്തിൽ വിമാനങ്ങൾ ചാർട്ടർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here