ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് ബാധയില്‍ ഒരു മരണം കൂടി. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ 63 വയസ്സുള്ള സ്ത്രീയാണു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 11 ആയി. മധ്യപ്രദേശില്‍ 5 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുള്ള കമല്‍നാഥിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനും രോഗ ബാധ കണ്ടെത്തി.  ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ മകളില്‍ നിന്നാണ് ഇയാൾക്ക് രോഗം പടര്‍ന്നത്. രോഗം ബാധിച്ചവരുടെ എണ്ണം ഗുജറാത്തില്‍ 38 ഉം രാജസ്ഥാനില്‍ 33 ഉം ആയി.

രാജ്യത്ത് കോവിഡിന്റെ സാമൂഹിക വ്യാപനമില്ലെന്ന് കേന്ദ്രസർക്കാർ. 606 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 42 പേര്‍ക്ക് രോഗം മാറി. മിസോറമില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഇന്നലെ ഒരാള്‍ മരിച്ചത് കോവിഡ് ബാധിച്ചല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ നടപടികളും ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള സാഹചര്യങ്ങളും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രി സഭാ യോഗം ചേര്‍ന്നു. ഗോതമ്പ് ഒരു കിലോ രണ്ടു രൂപയ്ക്കും അരി ഒരു കിലോ മൂന്നു രൂപയ്ക്കും നല്‍കുമെന്ന്് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. അവശ്യവസ്തുക്കളുടെ ക്ഷാമമില്ല. കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. കോവിഡിനെ നേരിടാന്‍ ഒന്നര ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ ഈ ആഴ്ച്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യാന്‍ ഡല്‍ഹിയില്‍ ഇ പാസുകള്‍ അനുവദിക്കും. യുപിയില്‍ അവശ്യവസ്തുക്കള്‍ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ തുടങ്ങി. യുപിയില്‍ പാന്‍മസാല നിരോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here