രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 500 കടന്നു. മഹാരാഷ്ട്രയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം പത്തായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി മണിപ്പൂരില്‍ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മാധ്യമപ്രവര്‍ത്തനം സുഗമമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.
മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 500 കടന്നത്. മുംബൈയില്‍ കോവിഡ് ബാധിച്ച ചികില്‍സയിലായിരുന്ന 65 വയസുള്ള ആള്‍ മരിച്ചു

കോവിഡ് ബാധിച്ചുള്ള മഹാരാഷ്ട്രയിലെ മൂന്നാമത്തെയും രാജ്യത്തെ പത്താമത്തെയും മരണമാണിത്. അമേരിക്കയില്‍ നിന്ന് മടങ്ങിവന്ന 23കാരിക്ക് മണിപ്പൂരില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസായി അത് മാറി.

വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടുമണിക്ക് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രധാനമന്ത്രി ജനതാകര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്.

കേരളം അടക്കം 27 സംസ്ഥാനങ്ങളും ആറു കേന്ദ്രഭരണപ്രദേശങ്ങളും പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. യു.പിയിലും മധ്യപ്രദേശിലും 56 ജില്ലകളാണ് അടച്ചിട്ടിട്ടുള്ളത്. ലക്ഷദ്വീപില്‍ ഭാഗീകമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അടച്ചിടല്‍ ഉത്തരവ് ലംഘിച്ച്‌ റോഡിലിറങ്ങിയവര്‍ക്കെതിരെ ജാര്‍ഖണ്ഡിലും ബംഗാളിലും പൊലീസ് കേസെടുത്തു. ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. ഏഴു സംസ്ഥാനങ്ങളില്‍ മറ്റന്നാള്‍ നടക്കേണ്ടിയിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റിവച്ചു. പുതിയ തീയതി 31ന് പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here