സ്കൂൾ വിദ്യാർഥികൾക്ക് അബുദാബിയിൽ കോവിഡ് പരിശോധന (സലൈവ ടെസ്റ്റ്) ആരംഭിച്ചു. ജനുവരിയിൽ എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾ സ്കൂളിൽ എത്തുന്നതിനു മുന്നോടിയായാണ് പരിശോധന. അബുദാബിയിൽ ആദ്യമായാണ് ഉമിനീർ ശേഖരിച്ചുള്ള പരിശോധന നടത്തുന്നത്.

ക്ലാസിൽ നേരിട്ടെത്തി പഠിക്കാൻ സന്നദ്ധരായ 4 മുതൽ 12 വയസ്സു വരെയുള്ള (കെജി–7) വിദ്യാർഥികളെ അതതു സ്കൂളുകളിൽ എത്തിച്ചാണ് പരിശോധന നടത്തിവരുന്നത്. വിവിധ സ്കൂളുകൾക്കു വ്യത്യസ്ത തീയതിയും സമയവും അനുവദിച്ചിട്ടുണ്ട്. ഇന്നലെ ആരംഭിച്ച പരിശോധന വരും ദിവസങ്ങളിലും തുടരും.

സ്കൂളിന്റെ നിർദേശം അനുസരിച്ച് സമ്മതപത്രം പൂരിപ്പിച്ചു നൽകിയ വിദ്യാർഥികളെ മാത്രമേ പരിശോധിക്കൂ. 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും 2 ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് ആണ് നടത്തിവരുന്നു.

ഇന്നലെ അബുദാബി ദ് മോഡൽ സ്കൂളിൽ ആരംഭിച്ച പരിശോധനയിൽ ആൺകുട്ടികളും പെൺകുട്ടികളും അടക്കം 496 വിദ്യാർഥികൾ പങ്കെടുത്തു. ഇന്ന് എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി സ്കൂളിലാണ് പരിശോധന.

സലൈവ ടെസ്റ്റ്

ഉമിനീർ ശോഖരിച്ചുള്ള പരിശോധന ലളിതവും വേദനാരഹിതവുമാണ്. 6–12 മണക്കൂറിനകം ഫലം ലഭിക്കും. ഒരു എം.എൽ മില്ലിലിറ്റർ ഉമിനീരെങ്കിലും ഉണ്ടെങ്കിലെ പരിശോധന ഫലം കൃത്യമാകൂ. അതിനാല്‍ നഴ്സ് തരുന്ന ട്യൂബിൽ ഒരുഎംഎൽ ഉമിനീര്‍ എടുത്തു നൽകണം പരിശോധനയ്ക്കു 45 മിനിറ്റ് മുൻപ് ഭക്ഷണ പാനീയങ്ങൾ നിർത്തണം.

ഓർക്കാം ഇക്കാര്യങ്ങൾ

വിദ്യാർഥികളുടെ എമിറേറ്റ്സ് ഐഡി കൊണ്ടുവരണം
ഉമിനീർ പരിശോധനയ്ക്കു 45 മിനിറ്റ് മുൻപ് ഭക്ഷണ പാനീയങ്ങൾ നിർത്തണം.

പരിശോധനയ്ക്ക് എത്തുന്ന വിദ്യാർഥികൾ റജിസ്ട്രേഷൻ പൂർത്തിയാക്കി അകലം പാലിച്ച് ഇരിക്കണം.

ഫലം എസ്എംഎസ് ആയും അൽഹൊസൻ ആപ്പിലും ലഭിക്കും.

കോവിഡ് പോസിറ്റീവ് ആണെങ്കിൽ സ്കൂൾ അധികൃതർ നൽകുന്ന നിർദേശം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കണം.

സിബിഎസ്ഇ പരീക്ഷ : തയാറെടുപ്പ് പുരോഗമിക്കുന്നു

അബുദാബി∙ സിബിഎസ്ഇ വാർഷിക പരീക്ഷയ്ക്കു തയാറെടുപ്പ് യുഎഇയിലെ സ്കൂളുകളിൽ പുരോഗമിക്കുന്നു. സിലബസ് വെട്ടിക്കുറച്ചതിനാൽ 9, 10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഏതാണ്ട് പഠിപ്പിച്ചുകഴിഞ്ഞു. വരും ദിവസങ്ങളിൽ റിവിഷൻ തുടങ്ങുന്നതിനാൽ പരീക്ഷയ്ക്കു മുൻപുതന്നെ വിദ്യാർഥികളെ സജ്ജരാക്കുമെന്ന് വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ പറഞ്ഞു.

കോവിഡ് മൂലം നാട്ടിൽ പോയി ഓൺലൈൻ ക്ലാസ് തുടരുന്ന വിദ്യാർഥികൾ ബോർഡിന് അപേക്ഷ നൽകി സമീപത്തെ അംഗീകൃത സ്കൂളിൽ പരീക്ഷ എഴുതാൻ സൗകര്യമൊരുക്കുമെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here