ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരിൽ 80% പേരും രാജ്യത്തെ 62 ജില്ലകളിൽ. ലോക്‌‍ഡൗൺ അവസാനിച്ചാലും ഈ 62 ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. കേരളത്തിൽ, ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ച കാസർകോട്, കണ്ണൂർ,  കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളും ഈ പരിധിയിൽ വരുമെന്നാണു വിവരം. രാജ്യത്തെ 736 ജില്ലകളിൽ 274 ജില്ലകളിലാണ് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയ സ്ഥലങ്ങളിൽ ‘വൈറസ് ഔട്ട്ബ്രേക്ക്’ തടയാനുള്ള പ്രത്യേക മാർഗനിർദേശം കഴിഞ്ഞദിവസം കേന്ദ്രം പുറത്തിറക്കിയിരുന്നു. 

രാജസ്ഥാനിലെ ഭിൽവാഡയിൽ മാർച്ച് 19നു 6 പേർക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ നടപ്പാക്കിയ രീതിയിലുള്ള നിയന്ത്രണങ്ങൾ ഈ ജില്ലകളിൽ വേണമെന്ന നിർദേശം സർക്കാർ പരിഗണിക്കുന്നുണ്ട്. ഭിൽവാഡയിൽ നടപ്പാക്കിയ നടപടികൾ: 

∙ കർഫ്യൂ ∙ അതിർത്തി അടയ്ക്കൽ ∙ സേവനത്തിന് 6000 ഡോക്ടർമാർ ∙ ലക്ഷണമുള്ള എല്ലാവർക്കും കോവിഡ് പരിശോധന ∙ രോഗബാധിത സ്ഥലങ്ങളെ വിവിധ മേഖലകളായി (ക്ലസ്റ്റർ) തരംതിരിച്ചുള്ള നിരീക്ഷണം ∙ പൊതുഇടങ്ങളിൽ അണുനശീകരണം. 

സമൂഹവ്യാപനം സംഭവിച്ചു; പക്ഷേ, വ്യാപകമായിട്ടില്ല

ന്യൂഡൽഹി ∙ രാജ്യത്തു മുംബൈ പോലെ ചിലയിടങ്ങളിൽ കോവിഡ് സമൂഹവ്യാപന ഘട്ടത്തിലാണെന്ന് എയിംസ് ഡയറക്ടറും കോവിഡ് പ്രതിരോധത്തിനുള്ള കേന്ദ്ര കർമസമിതി അംഗവുമായ ഡോ. രൺദീപ് ഗുലേറിയ സ്ഥിരീകരിച്ചു. സമൂഹവ്യാപനമില്ലെന്ന് ഇതിനു ശേഷവും ആവർത്തിച്ച ആരോഗ്യമന്ത്രാലയം പക്ഷേ, ഡോ. രൺദീപിന്റെ വാക്കുകൾ തള്ളിയില്ല. പകരം, പ്രാദേശികമായി സമൂഹവ്യാപനമുണ്ടെന്ന ആരോഗ്യമന്ത്രാലയ നിലപാടു തന്നെയാണ് അദ്ദേഹവും പങ്കുവച്ചതെന്നു വിശദീകരിച്ചു.

തുടർച്ചയായി അഞ്ചാംദിവസവും അഞ്ഞറിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണു മുന്നറിയിപ്പ്. ചില സ്ഥലങ്ങളിൽ മാത്രമാണ് സമൂഹവ്യാപനമെന്നു വ്യക്തമാക്കിയ ഡോ. രൺദീപ്, രണ്ടാം ഘട്ടമായ പ്രാദേശിക വ്യാപനത്തിനും മൂന്നാം ഘട്ടമായ സമൂഹവ്യാപനത്തിനും ഇടയിലാണ് രാജ്യമെന്നും സൂചിപ്പിച്ചു. കേന്ദ്രം ഹോട്സ്പോട്ടുകളായി വിലയിരുത്തിയ സ്ഥലങ്ങളെക്കുറിച്ചാണു പരാമർശം. 

LEAVE A REPLY

Please enter your comment!
Please enter your name here