തിരുവനന്തപുരം: കേരളത്തിലേക്ക് വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും വിമാനത്താവളങ്ങളില്‍ വച്ച് സൗജന്യമായി കോവിഡ് പരിശോധന ടെസ്റ്റുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കേരളം ശാസ്ത്രീയമായി കൊവിഡ് പ്രതിരോധം നടത്തിയെന്നും, കോവിഡ് വ്യാപനം കേരളത്തില്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം കുത്തനെ കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനം ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്. ജനം വളരെയധികം ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജനിതകമാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാന്‍ വരുന്നവര്‍ക്കെല്ലാം ഉടനടി പരിശോധന നിര്‍ബന്ധമാക്കുന്നതാണ്. കോവിഡ് കുത്തനെ കൂടുന്നത് തടയാന്‍ സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടി പിസിആര്‍ പരിശോധന ലാബുകള്‍ നാളെ പ്രവര്‍ത്തനം തുടങ്ങുകയാണ്. തിരുവനന്തപുരത്താണ് ആദ്യ മൊബൈല്‍ ലാബ് നാളെ ആരംഭിക്കുന്നത്. മറ്റ് ജില്ലകളില്‍ മാര്‍ച്ച് പകുതിയോടെയും തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

സ്വകാര്യ ലാബുകളില്‍ പിസിആര്‍ പരിശോധക്ക് 1700 രൂപ ഈടാക്കുമ്പോള്‍ മൊബൈല്‍ ലാബില്‍ ചെലവ് വെറും 448 രൂപ മാത്രമാണ്. സാന്‍ഡോര്‍ മെഡിക്കല്‍സ് എന്ന കമ്പനിക്കാണ് മൊബൈല്‍ ലാബുകള്‍ തുറക്കാന്‍ ടെന്‍ഡര്‍ കിട്ടിയത്. ഇതിനൊപ്പം ആവശ്യമെങ്കില്‍ ടെണ്ടറില്‍ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കമ്പനികളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ മൊബൈല്‍ ലാബുകള്‍ തുടങ്ങാനും ആലോചനയുണ്ട്.

അതേസമയം 24 മണിക്കൂറിനകം പരിശോധന ഫലം നല്‍കാത്ത ലബോറട്ടികളുടെ ലൈസന്‍സ് റദ്ദാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ലാബുകളില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന ഫലം കിട്ടാന്‍ രണ്ട് ദിവസം വരെ കാലതാമസം നേരിടുന്നുണ്ട്. ഇത് അനുവദിക്കാനാകില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here