റഷ്യ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിനും ഇന്ത്യ അനുമതി നല്‍കിയേക്കുമെന്ന് റിപോര്‍ട്ട്. അടിയന്തരമായി ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കുക. റോയിട്ടേഴ്‌സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്കും സമാന അനുമതിയാണ് നല്‍കിയത്.

കഴിഞ്ഞ ഡിസംബറിലാണ് റഷ്യ കൊവിഡ് 19നെ പ്രതിരോധിക്കുന്ന സ്പുട്‌നിക്ക് 5 വികസിപ്പിച്ചെടുത്തത്. 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാവുന്നവയാണ് ഈ വാക്‌സിന്‍. തങ്ങളുടെ വാക്‌സിന്‍ പരിശോധനയുടെ ഡാറ്റ ഡ്രഗ് കണ്‍ട്രോളര്‍ക്ക് കമ്ബനി കൈമാറിയിട്ടുണ്ട്. ഡോ. റെഡ്ഡി കമ്ബനിയാണ് സ്പുട്‌നിക് വാക്‌സിന്‍ പരിശോധന നടത്തിയത്.

ലോകത്തെ ഏറ്റവും ആദ്യത്തെ കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക്. റഷ്യയുടെ ആദ്യത്തെ ഉപഗ്രഹത്തിന്റെ പേര് അനുകരിച്ചാണ് വാക്‌സിന് അതേ പേര് നല്‍കിയത്. സ്പുട്‌നിക് 5, 95 ശതമാനം ഫലപ്രദമാണെന്ന് വാക്‌സിന്‍ വികസിപ്പിച്ച കാര്യം പുറത്തുവിട്ടുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അവകാശപ്പെട്ടിരുന്നു. അതേസമയം ആരോഗ്യമന്ത്രാലയത്തിലെ ചില വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് റഷ്യന്‍ വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടത് 96-97 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ്. യൂറോപ്പില്‍ ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വകഭേദത്തിന് സ്പുട്‌നിക് ഫലപ്രദമാണെന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സിഇഒ ക്രില്‍ ദിമിത്രോവ് അവകാശപ്പെട്ടു. വാക്‌സിന്‍ വികസിപ്പിച്ചെടുത്ത കമ്ബനിയുമായി റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സഹകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here