സൗദിയിൽ നേരിയ ആശ്വാസം പകരുന്ന കണക്കാണ്​ ഇന്ന്​ പെരുന്നാൾ ദിനത്തിൽ പുറത്തുവന്നത്​. രോഗമുക്തരുടെ എണ്ണം 43,520 ആയി ഉയർന്നു. 2,284 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായത്​. അതെസമയം 2,399 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുംകൂടി ചേരു​മ്പോൾ കോവിഡ്​ ബാധിതരുടെ ആകെ എണ്ണം 70,161 ആവുമെങ്കിലും 28,650 പേർ മാത്രമേ രാജ്യത്തെ വിവിധ ആ​ശുപത്രികളിലായി ചികിത്സയിലുള്ളൂ. ഇതിൽ 372 പേരുടെ നില ഗുരുതരമാണ്​. എന്നാൽ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരു​ന്നുണ്ടെങ്കിലും ഭൂരിപക്ഷം പേരും വേഗം സുഖം പ്രാപിക്കുന്നത്​ മൊത്തത്തിൽ ആശ്വാസം പകരുന്നതാണ്​. മരണനിരക്കും ആഗോള നിലയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്​ സൗദി അറേബ്യയിൽ. ഞായറാഴ്​ച 11പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 390 ആയെങ്കിലും ആഗോള ശരാശരിയെക്കാൾ വളരെ താഴ്​ന്നതാണ്​ ഇൗ കണക്ക്​.​ ജീവഹാനി തടയുന്നതിൽ സൗദി സാഹചര്യം അനുകൂലമാണെന്നത്​ ആരോഗ്യപ്രവർത്തകർക്ക്​ ആത്മവിശ്വാസം പകരുന്നതാണ്​.

ഒരു സൗദി പൗരനും 10 വിവിധ രാജ്യക്കാരുമാണ്​ മക്കയിലും റിയാദിലുമായി മരിച്ചത്​. മക്കയിൽ 10ഉം റിയാദിൽ ഒരാളുമാണ്​ മരിച്ചത്​. 21 ശതമാനം സ്​ത്രീകളും 10 ശതമാനം കുട്ടികളുമെന്ന നില പുതിയ രോഗികളിലും തുടരുകയാണെന്ന്​​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽ അലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവാക്കൾ മൂന്ന്​​​​​ ശതമാനമേയുള്ളൂ​. അതേസമയം സൗദി പൗരന്മാരുടെ എണ്ണം 34 ശതമാനമാണ്​​. ബാക്കി 66 ശതമാനം രാജ്യത്തുള്ള മറ്റ്​ ദേശക്കാരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,919 കോവിഡ്​ പരിശോധനകൾ നടന്നു​. രാജ്യത്താകെ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 7,03,534 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 36ാം ദിവസത്തിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here