കോവിഡ് പോസിറ്റീവ് ആയവർ വിവരം ആരോഗ്യവിഭാഗത്തെ അറിയിക്കാതിരുന്നതാൽ തടവും പിഴയും. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും അക്കാര്യം ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്. നിയമം ലംഘിക്കുന്നവർക്ക് 10,000 മുതൽ 50,000 ദിർഹം വരെ പിഴയുണ്ടാകുമെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

യഥാസമയം ആരോഗ്യ വിഭാഗത്തെ അറിയിക്കുന്നതിലൂടെ ശരിയായ ആരോഗ്യപരിചരണം ലഭിക്കാനും രോഗപ്പകർച്ച തടയാനും സാധിക്കുമെന്നും ഓർമിപ്പിച്ചു. കോവിഡ് ഉൾപ്പെടെ സാംക്രമിക രോഗം ബാധിച്ചവരും സമ്പർക്കം പുലർത്തിയവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വിവരം ധരിപ്പിക്കുന്നതോടെ രോഗിയുടെ അവസ്ഥ മനസിലാക്കി ആവശ്യമായ മാർഗനിർദേശം നൽകും. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തും. ഗുരുതര രോഗമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. അല്ലാത്തവരെ സ്മാർട് വാച്ച് ധരിപ്പിച്ച് ഹോം/ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനിലേക്കു മാറ്റും. ക്വാറന്റീൻ നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും രോഗികളെ നിരന്തര നിരീക്ഷിക്കുന്നതിനുമാണ് സ്മാർട് വാച്ച് ധരിപ്പിക്കുന്നത്.

സ്മാർട് വാച്ചിന്റെ പ്രവർത്തനം തടസപ്പെടുത്തിയാൽ 10,000 പിഴയുണ്ട്. പ്രത്യേകം ശുചിമുറിയുള്ള റൂമുണ്ടെങ്കിൽ മാത്രമേ വീട്ടിൽ ക്വാറന്റീനിലേക്കു വിടൂ. അല്ലാത്തവരെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനിലേക്കു മാറ്റും. കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും ക്വാറന്റീനിൽ കഴിയുകയും കൃത്യമായ ഇടവേളകളിൽ പിസിആർ നടത്തുകയും ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here