1.60 ലക്ഷത്തോളം പേരില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചെങ്കിലും 6314 പേര്‍ മാത്രമാണ് ജര്‍മ്മനിയില്‍ മരിച്ചത്. ഇത് യൂറോപിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച നിരക്കാണ്. കോവിഡിനെ ഫലപ്രദമായി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ജര്‍മ്മനിയുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ പതിയെ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കാനായിരുന്നു ജര്‍മ്മനിയുടെ ശ്രമം.

എന്നാല്‍ ഇളവുകള്‍ക്ക് പിന്നാലെ ദിവസങ്ങള്‍ക്കകം കോവിഡ് വ്യാപനം വര്‍ധിച്ചതോടെ വീണ്ടും ലോക്ഡൗണ്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് ജര്‍മ്മനി. കോവിഡ് വ്യാപന തോത് നിര്‍ണ്ണയിക്കുന്ന ‘R’ റേറ്റ് ഏറ്റവും കുറവുള്ള യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ജര്‍മ്മനി. ഒരു കോവിഡ് രോഗിയില്‍ നിന്നും എത്ര പേരിലേക്ക് കോവിഡ് പകരുന്നു എന്ന് വ്യക്തമാക്കുന്നതാണ് R റേറ്റ്. ജര്‍മ്മനിയില്‍ ഇത് ഈ മാസം തുടക്കത്തില്‍ 0.7 മാത്രമായിരുന്നു. ഇത് ലോക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 1.0ന് അടുത്തേക്ക് കുതിച്ചെത്തിയതാണ് ആശങ്ക വര്‍ധിപ്പിച്ച പ്രധാന ഘടകം.

തിങ്കളാഴ്ച്ച 1018 പുതിയ കോവിഡ് കേസുകളും ചൊവ്വാഴ്ച്ച 1144 എണ്ണവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഏപ്രില്‍ 25ന് 117 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെങ്കില്‍ ഏപ്രില്‍ 28ന് ഇത് ക്രമാനുഗതമായി വര്‍ധിച്ച് 188ലേക്ക് എത്തുകയും ചെയ്തു. ഇതോടെയാണ് രാജ്യം കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ ഭീഷണിയിലാണെന്ന നിഗമനത്തിലേക്ക് വിദഗ്ധര്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here