കൊറോണ വൈറസ് മൂന്നാം തരംഗം നേരിടുന്ന ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. കൊറോണ വൈറസ് നിയന്ത്രണവിധേമായ സാഹചര്യത്തില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ പരമാവധി എണ്ണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പഴയപോലെ 50 ആക്കി ചുരുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നത് വഴി ചന്തകള്‍ വൈറസ് ബാധയുടെ പ്രഭവകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഇവ അടയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിക്കുകയുണ്ടായി.

നിലവില്‍ രാജ്യമൊട്ടാകെ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞുവരികയാണ്. എന്നാല്‍ ഡല്‍ഹിയില്‍ വൈറസ് വ്യാപനം രൂക്ഷമാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകള്‍. ഡല്‍ഹിയില്‍ നാലുപേരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ വൈറസ് വ്യാപനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ശൈത്യകാലമായതിനാല്‍ വൈറസ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തിരുമാനിക്കുകയുണ്ടായത്.

കോവിഡ് നിയന്ത്രണങ്ങളില്‍ വരുത്തി ഇളവുകള്‍ പിന്‍വലിക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ അംഗീകാരം തേടി ലഫ്റ്റന്റ് ഗവര്‍ണറെ സമീപിക്കുമെന്ന് അരവിന്ദ് കെജരിവാള്‍ അറിയിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് കോവിഡ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്. വിവാഹചടങ്ങുകളില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത് വീണ്ടും 50 ആക്കി ചുരുക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here