അബൂദബി: ലോകത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കരസ്ഥമാക്കി അബൂദബി. 100 ശതമാനത്തിന് അടുത്താണ് അബൂദബിയുടെ വാക്‌സിനേഷന്‍ നിരക്കെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അബൂദബി നടത്തിയ വാക്‌സിനേഷന്‍ പ്രചാരണത്തിലൂടെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ നിരക്കായ 100 ശതമാനത്തിനടുത്ത് കൈവരിക്കാനായതെന്ന് ആരോഗ്യവകുപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ തന്നെ അബൂദബിക്ക് കോവിഡ് മഹാമാരിയെ നേരിടാനായെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വ്യക്തികളുടെ സുരക്ഷയും ബിസിനസുകളുടെ തുടര്‍ച്ചയും ഉറപ്പുവരുത്തിയായിരുന്നു എമിറേറ്റ് കോവിഡ് മഹാമാരിയെ നേരിട്ടത്. കോവിഡ് വാക്‌സിനേഷന്‍ ലോകത്ത് ആദ്യമായി ആരംഭിച്ച രാജ്യങ്ങളിലൊന്നായിരുന്നു യു.എ.ഇ. അബൂദബിയിലെ ആരോഗ്യപരിചരണ സൗകര്യങ്ങളും ഭരണകര്‍ത്താക്കളും കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ഏറെ സഹായിച്ചു. ഇതിലൂടെ കോവിഡിനെ അതിജീവിച്ച ലോകത്തിലെ നഗരങ്ങളുടെ പട്ടികയില്‍ അബൂദബി ഒന്നാം റാങ്ക് നേടുകയും ചെയ്തിരുന്നു.