കൊറോണ വൈറസ് രോഗ പ്രതിരോധ വാക്സിനേഷനുള്ള മുന്‍ഗണനപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. ആദ്യഘട്ടം വാക്‌സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ മുന്നണി പോരാളികള്‍ക്കാകും മുന്‍ഗണനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.

എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ എത്തിക്കാനുള്ള നടപടികള്‍ സജ്ജമാണെന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. വാക്സിന്‍്റെ ശേഖരണം, സംഭരണം, വിതരണം അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞു. ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആദ്യഘട്ട വാക്സിനേഷനുള്ള രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കേന്ദ്ര സംസ്ഥാന പൊലീസ് സേന, ഹോം ഗാര്‍ഡ്, സായുധ സേന, മുന്‍സിപ്പല്‍ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരാണ് മുന്‍ഗണന പട്ടികയില്‍ ഉണ്ടായിരിക്കുന്നത്. വാക്സിന്‍ ലഭ്യമായാല്‍ ജനുവരി മുതല്‍ ജുലൈ വരെയാകും ആദ്യ ഘട്ട വിതരണം നടത്താന്‍ ഉദ്ദേശിക്കുന്നത്.

വാക്‌സിനുകള്‍ സൂക്ഷിക്കുന്നതിനായി നിലവില്‍ 28000 കോള്‍ഡ് സ്റ്റോറേജുകളുണ്ട്. ചില സ്വകാര്യ ആശുപത്രികളും മരുന്ന് സംഭരണത്തിനുള്ള അടിസ്ഥാനമൊരുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാരിനെ അറിയിക്കുകയുണ്ടായി. കൂടുതല്‍ സംഭരണ ശാലകള്‍ ഒരുക്കാനുള്ള ശ്രമം നടക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here