പാലക്കാട്​ കൂടുതൽ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ തിങ്കളാഴ്​ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ്​ നിരോധനാജ്ഞ. ജില്ല കലക്​ടറാണ്​ 144 പ്രഖ്യാപിച്ചത്​. ജില്ലയിലുടനീളം നിരോധനാജ്ഞ ബാധകമാകും. ഇതോടെ ആളുകൾ ഒത്തുകൂടുന്നതിനും പൊതുസ്​ഥലങ്ങളിൽ അനാവശ്യമായി ഇറങ്ങിനടക്കുന്നതിനും നിയന്ത്രണമുണ്ടാകും.

ലോക്​ഡൗണി​​ന്റെ ഇളവുകൾ വന്നതോടെ ജില്ല സാധാരണ നിലയിലായിരുന്നു. എന്നാൽ നിരോധനാജ്ഞ വരുന്നതോടെ ഇതിനെല്ലാം കർശന നിയന്ത്രണമുണ്ടാകും. ലോക്​ഡൗണിന്​ സമാനമായ വാഹന പരിശോധനയുണ്ടാകുമെന്നാണ്​ വിവരം. എന്നാൽ പൊതു പരീക്ഷകൾ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക്​ പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കുമെന്നും കലക്​ടർ വ്യക്തമാക്കി.

ജില്ലയിൽ ശനിയാഴ്​ച പതിനൊന്നുകാരിയുൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ കുവൈറ്റിൽ നിന്നും വന്ന ഒരാൾക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചതെന്നു​ം ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയിൽ ഇത്രയും പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​.

അബുദാബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കും മുംബൈയിൽ നിന്നു വന്ന രണ്ടുപേർക്കും ചെന്നൈയിൽ നിന്ന് വന്ന എട്ടു പേർക്കും വാളയാർ ചെക്പോസ്​റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാൾക്കും രോഗബാധിത​​​​​െൻറ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടു പേർക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർക്ക് രോഗം ബാധിച്ചതുമായി ബന്ധപ്പെട്ട വിവരം ലഭ്യമായിട്ടില്ല. ശനിയാഴ്​ച രോഗം സ്ഥിരീകരിച്ചവരിൽ 12 പുരുഷന്മാരും ഏഴു സ്​ത്രീകളുമാണ്.

പാലക്കാട്​ 44 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 13 പേർക്ക്​ രോഗം ഭേദമായി. ജില്ലയിൽ നാഗലശേരി, തൃക്കടീരി, ശ്രീകൃഷ്​ണപുരം, കടമ്പഴിപുറം, മുതുതല, കാരാകുറുശ്ശി, കോട്ടായി, മുതലമട എന്നിവയാണ്​ ഹോട്ട്​സ്​പോട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here