ഈ സീസണിലെ ഇരു ടീമുകളുടെയും ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഗുരുവും ശിഷ്യനും തമ്മില്‍ ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇത്തവണ ശിഷ്യനൊപ്പമായി. ശിഖര്‍ ധവാന്റെയും പൃഥ്വി ഷായുടെയും അര്‍ദ്ധ സെഞ്ച്വറി മികവിലാണ് ഡല്‍ഹി അനായാസ ജയം സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ എട്ട് ബോള്‍ ബാക്കി നില്‍ക്കെ ഡല്‍ഹി മറികടന്നു.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ തീരുമാനം ശെരി വെക്കുന്ന പ്രകടനമാണ് ഡല്‍ഹി ബൗളര്‍മാര്‍ പുറത്തെടുത്തത്. എന്നാല്‍ സുരേഷ് റെയ്നയുടെയും, സാം കറന്റെയും, മൊയീന്‍ അലിയുടെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവിലാണ് ചെന്നൈ ഉയര്‍ന്ന സ്കോറിലെത്തിയത്. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 188 റണ്‍സ് നേടിയത്. സ്കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സ് കൂട്ടി ചേര്‍ക്കുമ്ബോഴേക്കും ചെന്നൈ ഓപ്പണര്‍മാര്‍ കൂടാരം കയറി. അതിനുശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന മൊയീന്‍ അലിയും സുരേഷ് റെയ്നയും ചെന്നൈ സ്കോര്‍ വേഗത്തില്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 60 എത്തിയപ്പോള്‍ മൊയീന്‍ അലിയും പുറത്തായി. നായകന്‍ ധോണിയും, ഡ്യൂ പ്ലസിസും റണ്‍സൊന്നും നേടാതെയാണ് പുറത്തായത്. ഡല്‍ഹിക്ക് വേണ്ടി ആവേശ് ഖാനും, ക്രിസ് വോക്സും രണ്ട് വീതം വിക്കറ്റുകള്‍ നേടി. ശിഖര്‍ ധവാന്‍ മൂന്ന് ക്യാച്ചുകളും മത്സരത്തില്‍ നേടി.

ഡല്‍ഹിക്ക് വേണ്ടി ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്ത പൃഥ്വി ഷായും ശിഖര്‍ ധവാനും ഗംഭീര തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 65 റണ്‍സാണ് ഡല്‍ഹി നേടിയത്. ശിഖര്‍ ധവാനും പൃഥ്വി ഷായും ചെന്നൈ ബൗളര്‍മാരെ ശെരിക്കും തല്ലിച്ചതച്ചു. വിക്കറ്റ് വീഴ്ത്താന്‍ ചെന്നൈ ടീം ശെരിക്കും കഷ്ടപ്പെട്ടു. ബ്രാവോ എറിഞ്ഞ പതിനാലാം ഓവറിലാണ് പൃഥ്വി ഷാ വീണത്.

ഇരുവരും മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഒന്നാം വിക്കറ്റില്‍ 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. 38 പന്തുകളില്‍ നിന്നും 9 ബൗണ്ടറികളും മൂന്ന് സിക്സറും അടക്കം 72 റണ്‍സ് നേടിയാണ് പൃഥ്വി ഷാ പുറത്തായത്. ഡല്‍ഹി ടീം സ്കോര്‍ 167 ല്‍ എത്തിയപ്പോഴാണ് ഷര്‍ദുല്‍ ടാക്കൂര്‍ ധവാനെ വീഴ്ത്തിയത്. 54 പന്തില്‍ 10 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 85 റണ്‍സെടുത്താണ് ധവാന്‍ പുറത്തായത്. ചെന്നൈക്ക് വേണ്ടി ഷര്‍ദുല്‍ ടാക്കൂര്‍ രണ്ട് വിക്കറ്റുകള്‍ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here